കർണാടകയിലെ ചിക്കമഗളൂരുവില്‍ ഭർത്താവിന്റെ അഴുകിയ മൃതദേഹത്തോടൊപ്പം ഭാര്യ താമസിച്ചത് 10 ദിവസം. ബണക്കൽ ഗ്രാമത്തില്‍ നിന്നുള്ള സിറിൽ മോനിസ് (77) ആണ് പക്ഷാഘാതം വന്ന് കിടപ്പിലായിരിക്കെ മരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‍റെ 42 കാരിയായ ഭാര്യ സിസിൽ സ്വന്തം ഭര്‍ത്താവ് ഉറങ്ങുകയാണെന്ന് വിശ്വസിച്ച് മൃതദേഹത്തോടൊപ്പം വീട്ടില്‍ തന്നെ കഴിയുകായിരുന്നു. സിസിലിന് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പൊലീസ് പറയുന്നത്.
ദമ്പതികൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. മകൻ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. മകൾ ദുബായിൽ അധ്യാപികയുമാണ്. അച്ഛന്‍റെ ചികില്‍സയ്ക്കും ആശുപത്രിയില്‍ കൊണ്ടുപോകാനും മകന്‍ ഇടയ്ക്കിടെ വരാറുണ്ട്. രണ്ടാഴ്ച മുന്‍പും ഇത്തരത്തില്‍ മകന്‍ വീട്ടില്‍ വന്ന് പോയിരുന്നു. മാത്രമല്ല, മക്കള്‍ പതിവായി വിളിക്കുകയും ചെയ്യാറുണ്ട്. പക്ഷേ അപ്പോളെല്ലാം ‘അച്ഛൻ സുഖമായിരിക്കുന്നു’ എന്നാണ് സിസില്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഏപ്രില്‍ എട്ടിന് മകന്‍ സുഹൃത്തിനോട് മാതാപിതാക്കളെ പോയി നോക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
സുഹൃത്ത് വീട്ടിൽ എത്തിയപ്പോൾ ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ മൃതദേഹം അഴുകിയ പുഴുവരിച്ച നിലയിലായിരുന്നു. മാറ്റാൻ ശ്രമിച്ചപ്പോൾ, ഭർത്താവിനെ പരിചരിക്കാൻ മറ്റാരുമില്ലെന്നും അദ്ദേഹത്തിന്‍റെ കൊണ്ടുപോകരുതെന്നുമാണ് അവര്‍ അഭ്യർഥിച്ചതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. പിന്നീട് സംസ്കരിക്കുകയും ചെയ്തു. സിറിലിന്റേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും അതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.