കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ വനത്തിനുള്ളിൽ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്തി. നാല് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിൽ ഞായറാഴ്ച വൈകുന്നേരമാണ് മലനിരകളുടെ താഴ്വാരത്തുള്ള വനമേഖലയിൽ നിന്ന് തിരച്ചിൽ സംഘം യുവതിയെ കണ്ടെത്തുന്നത്. ശരണ്യ സുരക്ഷിതയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8:30-ഓടെയാണ് കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ വനംവകുപ്പിന്റെ അനുമതിയോടെ കുടകിലെ തടിയൻഡ മോൾ മലനിരകളിൽ ട്രക്കിങ് ആരംഭിച്ചത്. ഉച്ചയ്ക്ക് തനിക്ക് വഴിതെറ്റിയെന്ന വിവരം ശരണ്യ ഫോണിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ റേഞ്ചിന് നഷ്ടപ്പെട്ടതോടെ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. കനത്ത മഞ്ഞും വന്യമൃഗശല്യവുമുള്ള കൊടുംവനത്തിൽ മൂന്ന് രാത്രികളാണ് ശരണ്യ ഒറ്റയ്ക്ക് അതിജീവിച്ചത്.

യുവതിയെ കണ്ടെത്താനായി ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് ഞായറാഴ്ച തിരച്ചിൽ നടത്തിയത്. കർണാടക വനവകുപ്പ്, പൊലീസ്, എന്നിവരടങ്ങുന്ന 40-ഓളം ഉദ്യോഗസ്ഥർ ദൗത്യത്തിൽ പങ്കാളികളായി. ആധുനിക സംവിധാനങ്ങളായ ഡ്രോണുകൾ, തെർമൽ സ്കാനറുകൾ, ഡോഗ് സ്ക്വാഡ് എന്നിവ ഉപയോഗപ്പെടുത്തിയായിരുന്നു പരിശോധന. വനമേഖലയിലെ ഒരു മരച്ചുവട്ടിൽ ഇരിക്കുന്ന നിലയിലാണ് തിരച്ചിൽ സംഘം ശരണ്യയെ കണ്ടെത്തിയത്.

ശരണ്യയെ കണ്ടെത്തിയ വിവരം കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ കെ.സി വേണുഗോപാലിനെ ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ കർണാടക സർക്കാരുമായി നടത്തിയ നിരന്തര ഇടപെടലുകൾ ദൗത്യം ഊർജിതമാക്കാൻ സഹായിച്ചു.

"ശരണ്യയെ കണ്ടെത്തിയെന്ന വിവരം മന്ത്രി ഔദ്യോഗികമായി അറിയിച്ചു. അവൾ സുരക്ഷിതയാണെന്ന് അറിയുന്നതിൽ വലിയ സന്തോഷമുണ്ട്. അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്," എന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

വനത്തിന് പുറത്തെത്തിയ ഉടൻ ശരണ്യ അമ്മയെ ഫോണിൽ വിളിച്ച് താൻ സുരക്ഷിതയാണെന്ന് അറിയിച്ചു. ശരണ്യയുടെ തിരിച്ചുവരവിനായി ബേസ് ക്യാമ്പിൽ കാത്തിരുന്ന സുഹൃത്തുക്കളും ബന്ധുക്കളും വൈകാരികമായാണ് വാർത്തയോട് പ്രതികരിച്ചത്. മുൻപ് വലിയ ട്രക്കിങ്ങുകൾ നടത്തി പരിചയമുള്ള ശരണ്യയുടെ അനുഭവസമ്പത്തും ആത്മവിശ്വാസവുമാണ് കൊടുംവനത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ തുണയായതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

ENGLISH SUMMARY:

Malayala Manorama Online News reports on the successful rescue of Sharanya, a Malayali software engineer who went missing while trekking in the Thadiyandamol hills of Kodagu. She was found after a four-day extensive search operation involving various authorities and advanced equipment.