ബിഹാറില്‍ വിഷമദ്യദുരന്തത്തില്‍ അഞ്ച് മരണം. അഞ്ചുപേര്‍ ചികില്‍സയില്‍. ഈസ്റ്റ് ചംപാരന്‍ ജില്ലയിലാണ് വിഷമദ്യദുരന്തമുണ്ടായത്. സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി. ആദ്യ മരണം വ്യാഴാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് മോത്തിഹാരിയിലെ തുർക്കൗളിയ, രഘുനാഥ്പൂർ മേഖലകളിൽ നിന്നായി 12 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് സൗരഭ് ജോർവാൾ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണെന്നും ഏഴ് പേർ ആശുപത്രി വിട്ടതായും പോലീസ് അറിയിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും വീഴ്ച വരുത്തിയ തുർക്കൗളിയ എസ്.എച്ച്.ഒയെ സസ്‌പെൻഡ് ചെയ്തതായും ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചതായി എസ്.പി സ്വർണ പ്രഭാത് അറിയിച്ചു. വ്യാജമദ്യ വിതരണക്കാരനെ തിരിച്ചറിഞ്ഞതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2016 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് ഈ സംഭവം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. നിരോധനം നടപ്പിലാക്കുന്നതിൽ എൻ.ഡി.എ സർക്കാർ പരാജയപ്പെട്ടുവെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് വിമർശിച്ചു. 2016-ന് ശേഷം ബീഹാറിൽ 1,300-ലധികം ആളുകൾ വ്യാജമദ്യം കഴിച്ച് മരിച്ചതായും പലർക്കും കാഴ്ച നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം ചില രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും മാഫിയയ്ക്കും ലാഭമുണ്ടാക്കാനുള്ള വഴിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
മദ്യനിരോധന നിയമം നല്ലതാണെങ്കിലും അത് നടപ്പിലാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയും പ്രതികരിച്ചു. ജൻ സുരാജ് പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് ഭാരതി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.