Image Credit:x/thenalandaindex
ബിഹാറിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജയ്ക്കെത്തിയവര്ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് സ്ത്രീകള്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. നളന്ദ ജില്ലയിലെ ഷീത്ല ക്ഷേത്രത്തിലാണ് സംഭവം. പ്രത്യേക പൂജയ്ക്കായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇതിനിടെയാണ് തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു.
തിരക്കില്‍പ്പെട്ട സ്ത്രീകള്‍ നിലത്ത് വീഴുകയും മറ്റുള്ളവര്‍ ഇവരുടെ മേല്‍ വീണതുമാണ് അപകടമുണ്ടാക്കിയത്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അടുത്തുള്ള ആശുപത്രികളിലേക്ക് സ്ത്രീകളെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശ്വാസംമുട്ടിയാണ് ചിലര്‍ മരിച്ചത്.
എല്ലാ ചൊവ്വാഴ്ചയും ക്ഷേത്രത്തില്‍ നടക്കുന്ന പ്രത്യേക പൂജയില്‍ പങ്കെടുക്കാന്‍ വലിയ ഭക്തജനക്കൂട്ടമാണ് എത്തുന്നത്. ഇന്നലെ ചൈത്രമാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാല്‍ തിരക്കുമേറി. ക്ഷേത്രത്തിനുള്ളില്‍ നിന്നാണ് തിക്കിത്തിരക്കല്‍ ഉണ്ടായതെന്നും രക്ഷപെടാന്‍ ആളുകള്‍ തിരക്ക് കൂട്ടിയതോടെ പുറത്ത് കടക്കാനാവാതെ വീഴുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പരുക്കേറ്റവരെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞയുടന്‍ പൊലീസും സ്ഥലത്തെത്തി. നിലവില്‍ വലിയ സംഘം പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം, തിക്കും തിരക്കുമുണ്ടായതിന്‍റെ യഥാര്‍ഥ കാരണം അറിയില്ലെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറം ആളുകള്‍ ക്ഷേത്രത്തിലേക്ക് എത്തിയെന്നും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ക്കായി പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും ആളുകള്‍ ആരോപിക്കുന്നു. തിരക്ക് പതിവിലുമേറിയതോടെ ക്ഷേത്രം അധികൃതര്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.