ഫോട്ടോ ഷൂട്ടിനായി ആനയ്ക്ക് ചായം പൂശിയ ഫോട്ടോഗ്രാഫര്‍ക്ക് വിമര്‍ശനം. ജയ്പൂരിലാണ് ആനയെ പിങ്ക് നിറം അണിയിച്ച് ഫോട്ടെയെടുത്തത്. ആനയ്ക്ക് മുകളില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് മോഡലും ചിത്രത്തിലുണ്ട്. ജയ്പൂരിലെ ഉപേക്ഷിക്കപ്പെട്ട ഗണപതി ക്ഷേത്ര പരിസരത്താണ് ഫോട്ടോ ഷൂട്ട് നടന്നത്. ആർട്ട് ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവയാണ് ഫോട്ടോഷൂട്ടിന് പിന്നില്‍.
ജയ്പൂരിൽ ആഴ്ചകളോളം ചിലവഴിച്ച ശേഷമാണ് ഇത്തരമൊരു ആശയം ഉണ്ടായതെന്ന് ഫോട്ടോഗ്രാഫര്‍ ജൂലിയ ബുരുലേവ പറഞ്ഞു. ആനകൾ രാജസ്ഥാന്റെ പ്രധാന സാംസ്കാരിക പ്രതീകമാണ്. തന്റെ സൃഷ്ടികളിൽ ആനയെ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
''ആറാഴ്ച ആഴ്ച ജയ്പൂരിൽ ചെലവഴിച്ചു. ആദ്യ ആഴ്ചതന്നെ നഗരത്തിലെ കാഴ്ചകളും നിറങ്ങളും എന്നെ കീഴടക്കിയിരുന്നു. അപ്പോഴാണ് ക്ലാസിക് രാജസ്ഥാനി കവാടങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ഒരു പിങ്ക് ആന എന്ന ആശയം പിറന്നത്. ഇവിടെ എല്ലായിടത്തും ആനകളുണ്ട് - തെരുവുകളിലും ആഭരണങ്ങളിലും വാസ്തുവിദ്യയിലുമെല്ലാം. ശരിക്കും പറഞ്ഞാൽ രാജസ്ഥാന്റെ പ്രധാന അടയാളമാണത്. ഒന്നിനെയെങ്കിലും എന്റെ വർക്കിൽ ഉൾപ്പെടുത്താതെ എനിക്ക് പോകാൻ കഴിയില്ലായിരുന്നു'' ജൂലിയ ബുരുലേവ എഴുതി.
''ആനയെ ചായം പൂശുന്നതിലെ പ്രതിസന്ധികളെ പറ്റിയും ജൂലിയ ബുരുലേവ എഴുത. പല ആനഫാമുകളും സന്ദർശിച്ചെന്നും ഏറ്റവും സഹകരിക്കാന്‍ തയ്യാറായവരുടെ അടുത്തേക്ക് ഗൗരവം ബോധ്യപ്പെടുത്താനായി നാല് തവണ പോകേണ്ടി വന്നു. ലൊക്കേഷൻ കണ്ടെത്തുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ഗണപതി ഭഗവാന്റെ ഉപേക്ഷിക്കപ്പെട്ട ഒരു ക്ഷേത്രം! അതെ, സാക്ഷാൽ ഗജമുഖനായ ദൈവത്തിന്റെ സന്നിധി - ഇതിലും അനുയോജ്യമായ മറ്റൊരിടമില്ല''. ആനയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഉപയോഗിച്ചത് ജൈവ കളറുകളാണെന്നും ഫോട്ടോഗ്രാഫര്‍ എഴുതി. ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന അതേ തരം പെയിന്റ് ആയതുകൊണ്ട് തന്നെ ആനയ്ക്ക് പൂർണ്ണമായും സുരക്ഷിതമാണെന്നും ജൂലിയ ബുരുലേവ വ്യക്തമാക്കി.
മൃഗപീഡനമാണെന്നും ചൂഷണമാണെന്നുമാണ് പോസ്റ്റിനോടുള്ള വിമര്‍ശനങ്ങള്‍. ജീവനുള്ള മൃഗത്തെ ഇങ്ങനെ ഉപയോഗിക്കുന്നത് അനീതിയാണെന്നും ഇതേ വിഷ്വൽ ഇഫക്റ്റ് നേടാൻ ഫോട്ടോഗ്രാഫർ എഐ ഉപയോഗിക്കണമായിരുന്നുവെന്നും കമന്‍റുകളുണ്ട്.