കഴിഞ്ഞ നവംബര്‍ ഒന്നിന് ജയ്പുരിലെ നീരജ് മോഡി സ്കൂള്‍ കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് ചാടി നാലാംക്ലാസുകാരി മരിച്ച സംഭവത്തില്‍ നടുക്കുന്ന തെളിവുകള്‍ പുറത്ത്. സംഭവദിവസത്തെ വിശദമായ സിസിടിവി ദൃശ്യങ്ങളാണ് ഒന്‍പതുകാരി അമൈറയുടെ മാതാപിതാക്കള്‍ പുറത്തുവിട്ടത്. ഇതോടെ കുട്ടിയുടെ മരണം ദേശീയതലത്തില്‍ വീണ്ടും ചര്‍ച്ചയായി. അമൈറ സ്കൂള്‍ കെട്ടിടത്തിന് മുകളിലെ കൈവരിയില്‍ കയറി താഴേക്ക് ചാടുന്ന ദൃശ്യങ്ങള്‍ നവംബറില്‍ത്തന്നെ പുറത്തുവന്നിരുന്നു. അങ്ങനെയാണ് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

എന്നാല്‍ കടുംകൈയ്ക്ക് കുഞ്ഞിനെ പ്രേരിപ്പിച്ച ഘടകങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍. അമൈറ ജീവനൊടുക്കി എട്ടര മാസമായിട്ടും ഒരാള്‍ക്കെതിരെയും നടപടിയുണ്ടായില്ല. അന്വേഷണം തുടങ്ങിയിടത്തുതന്നെ മരവിച്ചുനില്‍ക്കുകയായിരുന്നു. മകള്‍ക്ക് നീതിതേടി അമൈറയുടെ മാതാപിതാക്കള്‍ കയറിയിറങ്ങാത്ത ഇടങ്ങളില്ല. ഒടുവില്‍ വിശദമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അമൈറ അനുഭവിച്ച കഠിനമായ മാനസിക പീഡനത്തിലേക്ക് വിരല്‍ചൂണ്ടാന്‍ അവര്‍ക്കായത്.

പുതിയ ദൃശ്യങ്ങളില്‍ കണ്ടത്... :

2025 നവംബര്‍ 1. അമൈറ ക്ലാസ് മുറിയില്‍ ഇരിക്കുന്നു. തൊട്ടുമുന്നിലെ സീറ്റിലിരുന്ന ആണ്‍കുട്ടി തന്‍റെ കയ്യിലുണ്ടായിരുന്ന ഡിജിറ്റല്‍ സ്‍ലേറ്റില്‍ (ടാബ്‍ലറ്റ്) ഉള്ള ചില ദൃശ്യങ്ങള്‍ അമൈറയെ കാട്ടിക്കൊടുക്കുന്നു. സ്ക്രീനിലേക്ക് നോക്കുന്ന അമൈറ ഞെട്ടുന്നതും കൈകള്‍ തലയില്‍ വയ്ക്കുന്നതും ചെവി പൊത്തുന്നതും കാണാം. പിന്നാലെ മറ്റ് ചില കുട്ടികള്‍ കൂടി അവിടെ കൂടി നിന്ന് സംസാരിക്കുന്നുണ്ട്. അവരുടെ സംസാരവും അവളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

പിന്നീടുള്ള സമയമെല്ലാം അമൈറ തികഞ്ഞ ആശയക്കുഴപ്പത്തിലും അസ്വസ്ഥതയിലുമായിരുന്നുവെന്ന് വ്യക്തം. അല്‍പം കഴിഞ്ഞ് അവള്‍ അധ്യാപികയുടെ അടുത്തെത്തി സംസാരിക്കുന്നു. പിന്നാലെ അമൈറയുടെ മുന്നിലിരുന്ന കുട്ടി കൂടി അധ്യാപികയ്ക്കരികിലേക്ക് വരുന്നു. അവന്‍ പറയുന്നതും അധ്യാപിക കേള്‍ക്കുന്നുണ്ട്. തുടര്‍ന്ന് മറ്റുചില കുട്ടികളും അമൈറയെ എന്തെല്ലാമോ പറഞ്ഞ് കളിയാക്കുന്നതും അവള്‍ കൂടുതല്‍ സമ്മര്‍ദത്തിലാകുന്നും കാണാം. മറ്റൊരധ്യാപിക കൂടി ഈസമയം ക്ലാസിലുണ്ടായിരുന്നു.

പിന്നീടുള്ള 25 മിനിറ്റ് നേരത്തിനിടെ അഞ്ചുതവണ അമൈറ അധ്യാപികമാരുടെ അടുക്കലെത്തി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ പോലും അവര്‍ കൂട്ടാക്കുന്നില്ല. ഒടുവില്‍ അമൈറ ക്ലാസില്‍ നിന്ന് പുറത്തുപോകുമ്പോഴും ചോദിക്കാനോ തടയാനോ ഒരുവാക്ക് പറയാനോ അധ്യാപികമാര്‍ ശ്രമിക്കുന്നില്ല. കുട്ടി ക്ലാസില്‍ നിന്ന് ഇറങ്ങുന്നതും പടികള്‍ കയറി നാലാം നിലയിലേക്ക് പോകുന്നതും കൈവരികള്‍ വലിഞ്ഞുകയറുന്നതും താഴേക്ക് ചാടുന്നതും പിന്നീടുള്ള ദൃശ്യങ്ങളില്‍ കാണാം.

അമേറയുടെ മാതാപിതാക്കള്‍ പറയുന്നത്... 

‘ഞങ്ങളുടെ മകളെ സ്കൂള്‍ പരിസരത്തുവച്ച് നിങ്ങള്‍ കൊലപ്പെടുത്തി’ എന്നാണ് ഹതഭാഗ്യരായ ആ മാതാപിതാക്കള്‍ ഈ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആദ്യം പ്രതികരിച്ചത്. ‘എല്ലാ ദിവസത്തേയും പോലെ അന്നും ഞങ്ങള്‍ അവളെ സന്തോഷത്തോടെ സ്കൂളിലേക്ക് ഒരുക്കിവിട്ടു. രണ്ട് മണിക്കൂര്‍ കഴിയുംമുന്‍പ് സഹിക്കാന്‍ കഴിയാത്ത ആ വാര്‍ത്ത കേള്‍ക്കേണ്ടിവന്നു. സഹപാഠി സ്ക്രീനില്‍ കാണിച്ചത് എന്താണെന്ന് വ്യക്തമല്ലെങ്കിലും ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും അതില്‍ ലൈംഗിക ചുവയുള്ള ഉള്ളടക്കം ഉണ്ടെന്ന് തനിക്കുറപ്പാണെന്ന് അമ്മ ശിവാനി പറഞ്ഞു.

ഏതുസാഹചര്യത്തിലായാലും ഒരു കുഞ്ഞുപെണ്‍കുട്ടി പരാതിപ്പെടുമ്പോള്‍ കേള്‍ക്കാനോ ആശ്വസിപ്പിക്കാനോ അത് കാരണക്കാരായ കുട്ടികളെ ഒരുവട്ടമെങ്കിലും ശാസിക്കാനോ അധ്യാപികമാര്‍ ശ്രമിച്ചില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ആ കു‍ഞ്ഞ് ജീവനെടുക്കാന്‍ മുതിരില്ലായിരുന്നുവെന്ന് ശിവാനിയും അമൈറയുടെ അച്ഛന്‍ വിജയും മനമുരുകി പറയുന്നു. അമൈറ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ വിവരം സഹപാഠി വന്ന് അറിയിച്ചിട്ടുപോലും അധ്യാപിക 15 മിനിറ്റ് നേരം ഇരുന്നിടത്തുനിന്ന് അനങ്ങിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്രയൊക്കെ സംഭവിച്ചിട്ടും അമൈറയെ മരണത്തിലേക്ക് തള്ളിവിട്ട കാരണത്തെക്കുറിച്ച് കാര്യമായ അന്വേഷണമുണ്ടായില്ല. അറസ്റ്റോ അച്ചടക്കനടപടിയോ സംഭവിച്ചില്ല. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ദിവസവും സ്വന്തം കാബിനില്‍ വന്നിരുന്ന് ജോലി ചെയ്യുന്നു. അച്ഛനമ്മമാര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ഇതാണ് അമൈറയെ തളര്‍ത്തിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും അവര്‍ ആരോപിച്ചു.

അമൈറയെന്ന കൊച്ചു മിടുക്കി

സംസ്കൃതത്തില്‍ അമൈറ എന്നാല്‍ മരണമില്ലാത്തവള്‍ എന്നാണ് അര്‍ഥം. അറബിയില്‍ രാജകുമാരി എന്നും. അച്ഛനമ്മമാര്‍ക്ക് അവള്‍ മരണമില്ലാത്ത രാജകുമാരി തന്നെയായിരുന്നു. ഒരുപാട് സ്വപ്നങ്ങളുള്ള, ക്ലാസില്‍ ടോപ്പറായ മിടുക്കി. കുഞ്ഞുപ്രായത്തില്‍ത്തന്നെ പുരസ്കാരങ്ങള്‍, പാട്ടിലും, കഥക്കിലും, വയലിനിലും താല്‍പര്യം. ബാസ്ക്കറ്റ് ബോളും പരിശീലിച്ചിരുന്നു. സ്കൂളിലെ പരിപാടികളിലെല്ലാം അവള്‍ സജീവമായിരുന്നു. അവളുടെ മാത്രമല്ല, കുടുംബത്തിന്‍റെയാകെ ചിരിയും സ്വപ്നവും ഭാവിയും എല്ലാമാണ് അനക്കമില്ലാത്ത ഒരു സിസ്റ്റം തകര്‍ത്തെറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു.

അമൈറയുടെ മരണശേഷം 2025 ഡിസംബര്‍ 30ന് നീരജ് മോദി സ്കൂളിന്റെ അംഗീകാരം സിബിഎസ്ഇ റദ്ദാക്കി. എങ്കിലും ഇപ്പോഴും ആ മാതാപിതാക്കള്‍ ഹൃദയം തകര്‍ന്ന് ചോദിക്കുന്നത് ഒരേ ഒരു ചോദ്യമാണ്. ‘എന്തുകൊണ്ടാണ് ആ അധ്യാപിക തങ്ങളുെട മകളെ കേള്‍ക്കാതിരുന്നത്? ഞങ്ങളുടെ കുഞ്ഞിന് ഒരു ആശ്വാസവാക്ക് വേണമെന്ന് തോന്നിയപ്പോള്‍ എവിടെയായിരുന്നു എല്ലാവരും? ഇത് ഞങ്ങളുടെ മകളുടെ മാത്രം കഥയല്ല, എല്ലാ മാതാപിതാക്കളും ജാഗ്രതയോടെ കാണേണ്ട കാര്യമാണ്. സ്കൂളുകള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിത മേഖലയായിരിക്കണം. സഹായത്തിനു വേണ്ടിയുള്ള ഓരോ കരച്ചിലിനും കേള്‍വിക്കാരുണ്ടാവണം, അല്ലെങ്കില്‍ ഇനിയും ഇത് ആവര്‍ത്തിക്കും. – അമേറയുടെ മാതാപിതാക്കള്‍ പറയുന്നു.

Amira's Tragic Fall: New CCTV Footage Emerges:

Amira school death revealed new CCTV footage showing what happened before the tragic incident. The new visuals highlight the systemic failure and the child's desperate attempts to seek help from teachers.