എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
രാജ്യ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു കഴിഞ്ഞു. നോയിഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വിമാനങ്ങള്‍ പറന്നു തുടങ്ങുന്നതോടെ ഡൽഹിയിൽ നിന്നുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകും എന്നാണ് പ്രതീക്ഷ. അതേസമയം ഇന്‍റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നത് രസകരമായ മറ്റൊരു കഥയാണ്. നോയിഡ രാജ്യാന്തര വിമാനത്താവളത്തിനായി ഭൂമി നല്‍കി കോടീശ്വരരായ ഗ്രാമീണരുടെ കഥ... അവരുടെ സ്വപ്നങ്ങളുടെ കഥ.
വിമാനത്താവളത്തിന് ഭൂമി നല്‍കിയതിലൂടെ ലഭിച്ച നഷ്ടപരിഹാരത്തുക ഒറ്റരാത്രികൊണ്ട് ഗ്രാമീണരുടെ ജീവിതത്തെ മാറ്റിമറച്ചതായാണ് ബൻവാരി ബസിൽ നിന്നുള്ള 26 കാരനായ ശിവം പ്രജാപതി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. വിമാനത്താവള പദ്ധതിക്കും അടുത്തുള്ള സോളർ പ്ലാന്‍റിനുമായി തൊഴിലാളികളെ നല്‍കുന്ന സബ് കോൺട്രാക്ടറാണ് ശിവം. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഒരു കർഷകന് ഭൂമിക്ക് നഷ്ടപരിഹാരമായി ഏകദേശം 15 കോടി രൂപ ലഭിച്ചുവെന്നും ഈ പണത്തിന് അദ്ദേഹം ഒരു ഹെലികോപ്റ്റർ വാങ്ങിയെന്നും ശിവം പറയുന്നു. ഇപ്പോള്‍ അദ്ദേഹവും സുഹൃത്തുക്കളും തായ്‌ലൻഡില്‍ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുകയാണത്രേ.
വിമാനത്താവളം വരുന്നതിന് മുമ്പ് ഗ്രാമത്തിലെ ജനതയ്ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു ഇക്കാര്യങ്ങളെന്നും ശിവം പറഞ്ഞു. വിമാനത്താവളം വരുന്നതിലും അവരുടെ ഭൂമി ഏറ്റെടുക്കുന്നതിലും മിക്ക ആളുകളും വളരെ സന്തോഷവാന്‍മാരാണത്രേ. അതേസമയം, വിമാനത്താവളത്തിന്‍റെ നിര്‍മാണം ആരംഭിച്ചതു മുതല്‍ അവസരങ്ങളെ കൃത്യമായി ഉപയോഗിച്ചവരുമുണ്ട് ഇക്കൂട്ടത്തില്‍.
കിഷോർപൂർ ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരാള്‍ വിമാനത്താവളത്തില്‍ പണിക്ക് വരുന്ന തൊഴിലാളികള്‍ക്ക് അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഇടം നല്‍കി പ്രതിമാസം 60,000 രൂപ വരെയാണത്രേ സമ്പാദിക്കുന്നത്. മുമ്പ് താൻ ഗ്രാമത്തിലെ ഏറ്റവും ദരിദ്രരിൽ ഒരാളായിരുന്നുവെന്നും എന്നാല്‍ ഇന്ന് അങ്ങിനെയല്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ബൻവാരി ബസിലെ മറ്റൊരു താമസക്കാരനായ നാനക് ചന്ദ് തന്‍റെ വീട്ടിൽ ആറ് മുറികൾ കൂടി നിർമ്മിച്ച് അവ വാടകയ്ക്ക് കൊടുത്താണ് പണം സമ്പാദിച്ചത്. അങ്ങിനെ ഇന്ന് ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും പറയാനുണ്ട് ഓരോ കഥകള്‍.