പാട്ന– ഹൗറ വന്ദേഭാരത് എക്സപ്രസ് ഇടിച്ച് മധ്യവയസ്കന്‍ മരിച്ചു. ബിഹാറിലെ ബാര്‍ഹ് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. തുപ്പുന്നതിനായി പ്ലാറ്റ്ഫോമിന് അടുത്തേക്ക് എത്തിയപ്പോള്‍ പിന്നാലെ വന്ന വന്ദേഭാരത് ഇടിച്ചിടുകയായിരുന്നു. ഇന്നലെ രാവിലെ രാവിലെ ഒന്‍പത് മണിയോടെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിന്‍റെ വിഡിയോ എക്സില്‍ പ്രചരിക്കുന്നുണ്ട്. ട്രെയിന്‍ ഹോണടിച്ച് വരുന്നും ഇതിനൊപ്പം തന്നെ ഇയാള്‍ പ്ലാറ്റ്ഫോമിന്‍റെ അരികിലേക്ക് നടന്നുനീങ്ങുന്നതുമാണ് വിഡിയോ. തുപ്പുന്നതിനിടെ വേഗത്തിലെത്തിയ വന്ദേഭാരത് ഇടിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിലേക്ക് വീണ ഇയാളുടെ തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം.
ഗുരുതരമായ പരുക്കേറ്റ ഇയാളെ ആര്‍പിഎഫും ബിഹാര്‍ റെയില്‍വേ പൊലീസും ചേര്‍ന്ന് ബാർഹ് സദർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ബാർഹിലെ റെയില്‍വ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.