Image Credit: AP/ AFP

Image Credit: AP/ AFP

ടോര്‍പിഡോ ആക്രമണത്തിലൂടെ അമേരിക്ക മുക്കിക്കളഞ്ഞ ഇറാന്‍റെ യുദ്ധക്കപ്പല്‍ IRIS ഡേനയെ രക്ഷിക്കാന്‍ ഇന്ത്യന്‍ നേവി വിമാനങ്ങളും കപ്പലുകളും അയച്ചിരുന്നുവെന്നും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും എത്തിയിരുന്നുവെന്നും വെളിപ്പെടുത്തല്‍. വിശാഖപട്ടത്ത് വച്ച് നടന്ന സൈനികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇറാന്‍റെ യുദ്ധക്കപ്പല്‍ അമേരിക്ക ആക്രമിച്ചതും 87 നാവികര്‍ കൊല്ലപ്പെട്ടതും. 

ബുധനാഴ്ച 10 മണിയോടെ നേവിയുടെ ദീര്‍ഘദൂര മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ് P8I തിരച്ചില്‍ നടത്തിയിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നുവെന്നും നേവിയുടെ പ്രസ്താവനയില്‍ പറയുന്നു. വിമാനത്തില്‍ നിന്ന് ഇട്ടുകൊടുക്കാന്‍ പാകത്തില്‍ ലൈഫ് റാഫ്റ്റുകള്‍ സഹിതമാണ് ഇന്ത്യന്‍ സംഘമെത്തിയതെന്നും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഐഎന്‍എസ് തരംഗിണി വൈകിട്ട് നാലുമണിയോടെ സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കും ശ്രീലങ്കന്‍ നേവി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നുവെന്നുമാണ് കുറിപ്പിലുള്ളത്.

ഐഎന്‍എസ് ഇക്ഷാകും കൊച്ചിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചുവെന്നും കാണാതായവര്‍ക്കായി തിരച്ചില്‍ നടത്താന്‍ ഇപ്പോഴും സ്ഥലത്തുണ്ടെന്നും നേവി വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെയാണ് IRIS ഡേനയില്‍ നിന്ന് അടിയന്തര സഹായം തേടി സന്ദേശമെത്തിയതെന്നും വിശദീകരണത്തില്‍ പറയുന്നു. ശ്രീലങ്കയുടെ സമുദ്രാധികാരത്തില്‍ വരുന്ന ഗലേയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു കപ്പല്‍ സ്ഥിതി ചെയ്തിരുന്നത്.

ഇറാന്‍റെ യുദ്ധക്കപ്പല്‍ മുക്കിയ വിവരം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതാണ് ഇന്നലെ വെളിപ്പെടുത്തിയത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യമായാണ് ശത്രുകപ്പലിനെ ടോര്‍പ്പിഡോ ഉപയോഗിച്ച് യുഎസ് മുക്കിക്കളയുന്നത്. നാവികരെ കൊല ചെയ്ത യുഎസ് നടപടിയില്‍ കടുത്ത പ്രതികരണമാണ് ഇറാന്‍ നടത്തിയത്. പാതകത്തിന് കയ്പേറിയ തിരിച്ചടി ട്രംപ് അനുഭവിക്കേണ്ടി വരുമെന്നും 130 നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി പ്രതികരിച്ചിരുന്നു. 

ENGLISH SUMMARY:

The Indian Navy confirmed on March 5, 2026, that it deployed long-range maritime patrol aircraft P8I and frontline warships like INS Tarangini and INS Ikshak to rescue the Iranian vessel IRIS Dena. Following a torpedo attack by the US Navy off the coast of Galle, Sri Lanka, India responded to the distress signal by dropping life rafts from the air. Although the Sri Lankan Navy had already initiated primary rescue operations, Indian vessels remain on-site searching for missing personnel among the 130 crew members. This intervention highlights India's commitment to maritime safety for its diplomatic guests, as IRIS Dena was returning from a naval exercise in Visakhapatnam. US Defense Secretary Pete Hegseth described the sinking as a historic military action, while Iran vowed severe retaliation against the Trump administration for the deaths of 87 sailors.