പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

TOPICS COVERED

 മന്ത്രവാദിനിയെന്ന് മുദ്രകുത്തി യുവതിയേയും കൈക്കുഞ്ഞിനേയും ജനക്കൂട്ടം തീകൊളുത്തി കൊന്നു. ജാര്‍ഖണ്ഡിലെ ചൈബാസയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവും ആക്രമിക്കപ്പെട്ടെങ്കിലും ഒരു വിധത്തില്‍ ഓടി രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 17ന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. കൊല്‍ഹാന്‍ സിങ്കുവും രണ്ട് ഭാര്യമാരും രണ്ടു വയസും രണ്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളും വീട്ടിലുള്ള സമയത്താണ് ഒരു സംഘം വീടിനു മുന്‍പിലെത്തി പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടത്. കൊല്‍ഹാന്റെ ബന്ധു തന്നെയാണ് ഇവരെ വീട്ടില്‍ വന്ന് വിളിച്ചിറക്കിയത്.

ഒരു ഡസനോളം ആളുകളാണ് വീടുനുമുന്‍പില്‍ കൂടിയിരുന്നത്. ഇതുകണ്ട് കൊല്‍ഹാനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങി. കൊല്‍ഹാന്റെ രണ്ടാംഭാര്യ മന്ത്രവാദിനിയാണെന്ന് ആരോപിച്ച് സംഘം വലിയ പ്രശ്നങ്ങളുണ്ടാക്കി. എന്നാല്‍ പരാതിയും പ്രശ്നങ്ങളും രാവിലെ പഞ്ചായത്തിനു മുന്‍പില്‍ പരിഹരിക്കാമെന്ന് കൊല്‍ഹാന്‍ സംഘത്തോട് പറഞ്ഞു.

ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാത്ത സംഘത്തില്‍ നിന്നും ഒരാള്‍ പെട്രോളുമായി വന്ന് കൊല്‍ഹാന്റേയും ഭാര്യയുടേയും കുഞ്ഞിന്റേയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയും പിന്നാലെ തീകൊളുത്തുകയും ചെയ്തു. കൊല്‍ഹാന്‍ ഒരുവിധം രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടി, ഓടുന്നതിനിടെ കത്തുന്ന വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞു. എന്നാല്‍ സ്റ്റേഷനില്‍ ആരുമില്ലാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുവിന്റെ വീട്ടില്‍ അഭയം തേടിയ കൊല്‍ഹാന്‍ രാവിലെ സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.

തുടര്‍ന്ന് പൊലീസ് കൊല്‍ഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വീട്ടിലെത്തി കത്തിയമര്‍ന്ന യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഒരേ കുടുംബത്തിലെ പത്തോളം പേരാണ് സംഘമായെത്തി യുവതിയേയും കുഞ്ഞിനേയും തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.

4 പേരെ അറസ്റ്റ് ചെയ്തതായി ജഗന്നാഥ്പൂര്‍ എസ്ഡിപിഒ റാഫേല്‍ മുര്‍മു പിടിഐയോട് പറഞ്ഞു. കൊല്‍ഹാന്‍ സിങ്കുവിന്റെ ഒരു ബന്ധു അടുത്തിടെ കൊല്ലപ്പെട്ടത് ജ്യോതിയുടെ മന്ത്രവാദത്തിന്റെ ഫലമാണെന്ന് ആരോപിച്ചാണ് സംഘം കുടുംബത്തെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.

 

 

Woman and Infant Burned Alive Over Witchcraft Accusation in Jharkhand:

A horrific incident of witchcraft accusation murder occurred in Jharkhand, where a young woman and her infant were tragically burned alive by a mob. The mob, fueled by accusations of sorcery, also attacked the woman's husband who narrowly escaped. This barbaric act highlights the severe consequences of superstition and mob violence.