മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോളജില്‍ ബജ്റംഗ് ദള്‍ ആക്രമണം. വാലന്റൈൻസ് ഡേ ആഘോഷങ്ങള്‍ക്കായി സ്ഥാപിച്ച സ്റ്റേജും തോരണങ്ങളും തകര്‍ത്തു. കോളജിലെ സുരക്ഷാ ജീവനക്കാരെയും വിദ്യാര്‍ഥികളെയും മര്‍ദിക്കാനും ശ്രമമുണ്ടായി. വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെയായിരുന്നു ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.
ഇൻഡോറിലെ നാർസി മുൻജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ആക്രമണമുണ്ടായത്. ക്യാമ്പസിൽ അനധികൃതമായി പ്രവേശിച്ച ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് സ്റ്റേജും തോരണങ്ങളും നശിപ്പിക്കുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്തത്. വാലന്റൈൻസ് ദിനാഘോഷത്തിനിടെ അശ്ലീലം കലർത്തിയെന്നായിരുന്നു ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇൻസ്റ്റിറ്റ്യൂട്ട് നിഷേധിച്ചു. വിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയ സംഘം അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.
ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വടികളുമായി ഓടിയടുക്കുന്ന പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ കോളജ് അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസില്‍ അറിയിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും വിദ്യാർത്ഥികളും അക്രമം നടത്തിയവരും സംഭവത്തില്‍ കുറ്റക്കാരാണെന്നുമാണ് പൊലീസിന്‍റെ വാദം. നിലവിൽ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അക്രമികളെ തിരിച്ചറിയാന്‍ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിനുശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.