എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയില്‍ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററില്‍ എംആർഐ സ്കാനിങിനിടെ ആറുവയസുകാരന്‍ മരിച്ചു. ഡങ്കൗറിലെ റീൽഖയിൽ താമസിക്കുന്ന പ്രശാന്ത് കസാനയുടെ മകനാണ് മരിച്ചത്. സെക്ടർ പി3 ലെ കെബി ഹെൽത്ത്കെയർ സെന്ററിലാണ് ദാരുണമായ സംഭവമുണ്ടായത്. ക്ലിനിക്കിന്‍റെ അനാസ്ഥമൂലമാണ് കുട്ടി മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

കുട്ടിയുടെ പിതാവ് പ്രശാന്ത് കസാന പറയുന്നത് പ്രകാരം, എംആർഐ സ്കാനിങിന് മുന്‍പ് കുട്ടിക്ക് ഒരു കുത്തിവയ്പ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സ്കാനിങിനിടെ കുട്ടിയുടെ ആരോഗ്യം മോശമായി. പിന്നാലെ കുട്ടി ബോധരഹിതനാകുകയും ചെയ്തു. സ്കാനിങിന് മുന്‍പ് തെറ്റായതോ അമിതമായ അളവിലോ കുട്ടിക്ക് കുത്തിവയ്പ്പെടുത്തതായും ഇതാണ് മരണത്തിന് കാരണമായെതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. 

കുട്ടിയുടെ അവസ്ഥയെക്കുറിച്ചും മെഡിക്കൽ റിപ്പോർട്ടിനെക്കുറിച്ചും ചോദിച്ചപ്പോള്‍ ക്ലിനിക്ക് കൃത്യമായ മറുപടി നല്‍കിയില്ലെന്നും കുടുംബം പറയുന്നു. കുട്ടിക്ക് ഒരു ഡോസ് മരുന്നു കൂടി നൽകുമെന്ന് ഡോക്ടർമാർ പറഞ്ഞതായും കുടുംബം പറയുന്നുണ്ട്. കുട്ടിയുടെ അവസ്ഥ കൂടുതല്‍ വഷളായപ്പോളാണ് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പിന്നാലെ കുട്ടി മരണപ്പെടുകയും ചെയ്തു.

സംഭവത്തില്‍ കുട്ടിയുടെ കുടുംബം ക്ലിനിക്കിലെ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തില്‍ ഗ്രാമവാസികളും തൊഴിലാളികളും ക്ലിനിക്കിന് മുന്‍പില്‍ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 10:30 ഓടെയാണ് കുട്ടിയെ ക്ലിനിക്കില്‍ എത്തിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്നും ഭാരതീയ കിസാൻ യൂണിയൻ സംസ്ഥാന വക്താവ് പവൻ ഖതാന പറഞ്ഞു. കുട്ടിക്ക് നല്‍കിയ മരുന്നിന്‍റെ അളവ് ഡോക്ടർമാർ വെളിപ്പെടുത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഗ്രേറ്റർ നോയിഡയിൽ ഇത്തരത്തിലുള്ള നിരവധി അനധികൃത സ്കാനിങ് സെന്‍ററുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും സ്ഥലത്തെത്തി. പ്രതിഷേധക്കാർ സ്കാനിങ് സെന്‍റര്‍ അടച്ചുപൂട്ടി അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A 6-year-old boy, son of Prashant Kasana, tragically died during an MRI scan at KB Healthcare Centre in Greater Noida Sector P3 on February 12, 2026. The family has alleged medical negligence, claiming the child was administered an incorrect or heavy dose of injection/anesthesia before the procedure. Following the incident, members of the Bharatiya Kisan Union and local villagers staged a protest, locking the diagnostic center and demanding a thorough investigation into unauthorized scanning centers. Police have moved the body for post-mortem and initiated legal action against the diagnostic center. Stay updated on the investigation and safety protocols for pediatric MRI scans in India.