cst-mumbai

മുംബൈയില്‍ ഊബര്‍, ഓല, ഇന്‍ഡ്രൈവ്, റാപ്പിഡോ തുടങ്ങിയ ആപ് അധിഷ്ഠിത ടാക്സി സര്‍വീസുകള്‍ സ്തംഭിച്ചു. ആപ്പുകള്‍ വഴി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളും പണിമുടക്കിലാണ്. ‘അനധികൃത’ ബൈക്ക് ടാക്സികളെ നിയന്ത്രിക്കുക, പാനിക് ബട്ടണ്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, നിരക്കുകള്‍ ന്യായമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പുനെ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാനനഗരങ്ങളിലെയും ഡ്രൈവര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

mumbai-street

ഊബര്‍, ഓല, ഇന്‍ഡ്രൈവ്, റാപ്പിഡോ ആപ്പുകളില്‍ ഇന്ന് ലോഗിന്‍ ചെയ്യില്ലെന്ന് ഡ്രൈവര്‍മാര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതോടെ മുംബൈയുടെ മുഖമുദ്രയായ മഞ്ഞ ടാക്സികളടക്കം നിരത്തൊഴിഞ്ഞു. ടാക്സികള്‍ക്കുള്ളില്‍ പാനിക് ബട്ടനുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിവന്ന അധിക സാമ്പത്തികഭാരമാണ് സമരത്തിന് പ്രധാന കാരണം. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനികളില്‍ 70 ശതമാനത്തെയും സംസ്ഥാനസര്‍ക്കാര്‍ തള്ളിക്കളഞ്ഞതോടെ നിരസിക്കപ്പെട്ട കമ്പനികളുടെ പാനിക് ബട്ടണുകള്‍ സ്ഥാപിച്ച ഡ്രൈവര്‍മാര്‍ വെട്ടിലായി. അംഗീകൃത കമ്പനികളില്‍ നിന്ന് പുതിയ ഉപകരണം ഘടിപ്പിക്കാന്‍ 12000 രൂപയോളം അധികം ചെലവിടേണ്ടി വന്നുവെന്ന് ഡ്രൈവര്‍മാരുടെ സംഘടനകള്‍ പറയുന്നു.

mumbai-street-night

കാറിനുള്ളില്‍ ഡ്രൈവര്‍മാരില്‍ നിന്ന് മോശം പെരുമാറ്റമോ ഡ്രൈവിങ്ങിലെ പാളിച്ചകളോ മറ്റ് അപകടസാധ്യതകളോ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് സുരക്ഷ നല്‍കുന്നതിനാണ് പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കിയത്. ജിപിഎസുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണത്തിന്‍റെ സ്വിച്ച് അമര്‍ത്തിയാല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എമര്‍ജന്‍സി സന്ദേശമെത്തുകയും വാഹനത്തിന്‍റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് ഉടന്‍ നടപടി സ്വീകരിക്കാന്‍ കഴിയുകയും ചെയ്യും. തെറ്റിദ്ധാരണയുടെ പേരിലും തമാശയ്ക്കും പാനിക് ബട്ടണ്‍ അമര്‍ത്തിയതുകാരണം ഡ്രൈവര്‍മാര്‍ വെട്ടിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

mumbai-traffic

ഊബര്‍, ഓല, ഇന്‍ഡ്രൈവ്, റാപ്പിഡോ തുടങ്ങിയ കമ്പനികള്‍ ഈടാക്കുന്ന കമ്മിഷനും ടാക്സി നിരക്കും ഡ്രൈവര്‍മാര്‍ക്കും കാറുടമകള്‍ക്കും തീര്‍ത്തും നഷ്ടമാണെന്നും മഹാരാഷ്ട്ര കാംഗാര്‍ സഭ കുറ്റപ്പെടുത്തി. നിരക്കുകളും കമ്മിഷനും ന്യായമായ രീതിയില്‍ പരിഷ്കരിക്കാനും അനധികൃതമായി സര്‍വീസ് നടത്തുന്ന ബൈക്ക് ടാക്സികളെ തടയാനും സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി ഡ്രൈവര്‍മാര്‍ സമരത്തില്‍ സഹകരിക്കുന്നുണ്ടെന്നും കാംഗാര്‍ സഭ അവകാശപ്പെട്ടു.

Mumbai Taxi & Auto Strike: Uber, Ola Services Hit Over Panic Button and Fare Disputes:

App-based taxi and auto-rickshaw services, including Uber and Ola, have come to a standstill in Mumbai and Pune due to a widespread strike by drivers. The protest highlights grievances over the high costs of installing government-mandated panic buttons and the "illegal" operation of bike taxis. Drivers are also demanding a fair revision of fare structures and a reduction in the commissions charged by service aggregators. The strike has significantly disrupted daily commutes, as even the iconic yellow taxis have joined the movement to demand government intervention.