mumbai-dog-attack-lift-cctv

മുംബൈയില്‍ ഫ്ലാറ്റിലെ ലിഫ്റ്റിനുള്ളിൽ പെൺകുട്ടികൾക്ക് നേരെ അക്രമാസക്തമായി പാഞ്ഞടുത്ത് വളര്‍ത്തുനായ. മുംബൈയിലെ മലാഡിലുള്ള 'ഷെത് ഐറിൻ' ടവറിലാണ് നടുക്കുന്ന സംഭവം നടന്നത്. ലിഫ്റ്റിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരാതിയൊന്നും ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഫ്ലാറ്റിലെ താമസക്കാരിയായ സ്ത്രീക്ക് തന്റെ വളർത്തുനായയെ ലിഫ്റ്റിൽ കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് പെൺകുട്ടികൾ ലിഫ്റ്റിൽ നിൽക്കുമ്പോള്‍ നായയുമായി ഒരു സ്ത്രീ ഉള്ളിലേക്ക് പ്രവേശിക്കുന്നത് കാണാം. നായക്ക് വായും മൂക്കും മൂടുന്ന ആവരണം (മസിൽ) ധരിപ്പിച്ചിട്ടുമുണ്ട്. ലിഫ്റ്റിന്റെ വാതിൽ അടഞ്ഞതിന് തൊട്ടുപിന്നാലെ, നായ പെട്ടെന്ന് അക്രമാസക്തമാവുകയും കുട്ടികൾക്ക് നേരെ കുരച്ചുചാടുകയുമായിരുന്നു. ഇതോടെ കുട്ടികൾ ഭയന്നു വിറച്ചു.

നായയുടെ ഉടമയായ സ്ത്രീ അതിനെ പരമാവധി നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും, നായ കുട്ടികൾക്ക് നേരെ വീണ്ടും വീണ്ടും കുരച്ച് ചാടുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടയിൽ ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ രണ്ട് പെൺകുട്ടികൾ ഓടി പുറത്തിറങ്ങി. എന്നാൽ ഒരു പെൺകുട്ടി ലിഫ്റ്റിൽ കുടുങ്ങിപ്പോയി. ഈ കുട്ടിയുടെ നേരെ നായ കുരയ്ക്കുകയും ഉടമ അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.

ലിഫ്റ്റിന്‍റെ വാതിൽ തുറന്നയുടൻ ഭയന്നോടിയ കുട്ടിയെ നായ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഉടമ അതിനെ ബലമായി പിന്നോട്ട് വലിച്ചതുകൊണ്ട് അപകടം ഒഴിവായി. വിഡിയോയുടെ അവസാന ഭാഗത്ത്, നായയെ നിയന്ത്രിക്കാൻ പാടുപെടുന്ന ഉടമയെ പുറത്തേക്ക് വലിച്ച് കൊണ്ടുപോകാൻ നായ ശ്രമിക്കുന്നതും ദൃശ്യമാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഫ്ലാറ്റിലെ മറ്റ് താമസക്കാർക്കിടയിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമായിട്ടുണ്ട്.

ENGLISH SUMMARY:

A terrifying incident involving a pet dog turning aggressive inside a residential elevator was captured on CCTV at the Sheth Irene tower in Malad, Mumbai, last Thursday evening. The footage shows a woman entering the elevator with her muzzled dog while three young girls are inside, only for the animal to repeatedly lung and bark aggressively at them as the doors close. While two frightened girls managed to flee when the doors reopened, one remained trapped briefly before the owner was able to forcibly restrain the dog from pursuing them. Although Mumbai Police confirmed that no injuries were reported and no official complaint has been filed, the viral video has sparked intense safety concerns among the flat residents.