കാമുകിയെ കുത്തിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി യമുനയിലെറിഞ്ഞ യുവാവ് അറസ്റ്റില്‍. ആഗ്രയിലാണ് സംഭവം. ജനുവരി 24നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ജനുവരി 24ന് പൊലീസാണ് ഒരു ഉപേക്ഷിക്കപ്പെട്ട ബാഗ് കണ്ടെത്തിയത്. തുറന്നുനോക്കിയപ്പോള്‍ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങളായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പുറത്തറിയുന്നത്. തലേദിവസം പെണ്‍കുട്ടിയെ കാണാതായതായി ഒരു കുടുംബം പരാതി നല്‍കിയ സംഭവം കൂടി ചേര്‍ത്തുവച്ചപ്പോള്‍ കൊല്ലപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു.
പൊലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കായി അന്വേഷണം നടത്തിയത്. മേഖലയില്‍ നിന്നെല്ലാം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചു. യുവതിയുെട സ്കൂട്ടറില്‍ ഓഫീസിലെ സഹപ്രവര്‍ത്തകനായ വിനയ് ഒരു ചാക്ക് കൊണ്ടുപോകുന്നതാണ് സിസിടിവിയില്‍ കണ്ടത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി.
പിന്നീടുള്ള ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. യുവതിയുമായി പ്രണയത്തിലായിരുന്നെന്നും മറ്റു ചില ബന്ധങ്ങളുമായുള്ള സംശയത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായതായും വിനയ് മൊഴി നല്‍കി. ജനുവരി 23ന് ഓഫീസില്‍വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ശരീരം പല കഷ്ണങ്ങളായി മുറിച്ച് ചാക്കില്‍ കെട്ടി. യുവതിയുടെ സ്കൂട്ടറില്‍ തന്നെ പാലത്തിനു മുകളിലെത്തിച്ച് യമുനയിലേക്ക് എറിഞ്ഞതായും പ്രതി പറയുന്നു.
വെട്ടിമാറ്റിയ തല അഴുക്കുചാലിലേക്ക് കളഞ്ഞതായും വിനയ് പൊലീസിനോട് പറഞ്ഞു. യുവതിയുടെ കുടുംബത്തിന് സംശയം തോന്നാതിരിക്കാന്‍ അവര്‍ക്കൊപ്പം നിന്ന് യുവതിയെ തിരയുകയും പരാതി നല്‍കാന്‍ ഒപ്പം പോവുകയും ചെയ്തതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അഴുക്കുചാലില്‍ ഉപേക്ഷിച്ച തലഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് സയിദ് അലി അബ്ബാസ് അറിയിച്ചു.