AI Generated Image

TOPICS COVERED

സുഹൃത്തിനൊപ്പം കാറിലിരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമം. ഗുരുഗ്രാമിലാണ് സംഭവം. ആണ്‍സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. പുലര്‍ച്ചെ മൂന്നുമണി സമയത്താണ് യുവതിക്കുനേരെ ആക്രമണമുണ്ടായത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്– സിര്‍സ് സ്വദേശിയായ 24കാരി സുഹൃത്തിനൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഒരു വനമേഖലയ്ക്കടുത്ത് വണ്ടി നിര്‍ത്തി. പുലിയിറങ്ങുന്ന മേഖയാണിതെന്ന് പൊലീസ് പറയുന്നു. റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ് യുവതി. 

സംഭവസ്ഥലത്തെത്തിയ പ്രതി കാറിലിരിക്കുന്ന യുവതിയെക്കണ്ട് അടുത്തേക്കുവന്ന് മൊബൈല്‍ഫോണ്‍ തട്ടിയെടുത്തു. പിന്നാലെ തന്റെ കാറിനടുത്തേക്ക് ഓടി, ഫോണിനായി ഇയാള്‍ക്കു പിന്നാലെ യുവതിയും സുഹൃത്തും ഓടുന്നതിനിടെ യുവാവിനെ തള്ളിവീഴ്ത്തി പ്രതി യുവതിയേയും കൊണ്ട് വനമേഖലയിലേക്ക് കടന്നുകളഞ്ഞു. തുടര്‍ന്ന് സുഹൃത്ത് സംഭവം പൊലീസിനെ അറിയിച്ചു. 

പാഞ്ഞെത്തിയ പൊലീസ് മണിക്കൂറുകളുടെ അന്വേഷണത്തില്‍ കണ്ടത് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന പ്രതിയെയാണ്. മൂന്നുമണിക്കൂറിനുള്ളില്‍ പ്രതിയേയും വാഹനവും പൊലീസ് കണ്ടെടുത്തു. അഞ്ചരയോടെയാണ് പൊലീസ് പ്രതിയുടെ വാഹനം കണ്ടെത്തിയത്. പൊലീസെത്തിയ സമയത്ത് അര്‍ധനഗ്നനായി പ്രതി കാറിന്റെ  മുന്‍വശത്തെ സീറ്റില്‍ ഇരിക്കുന്ന നിലയിലും അബോധാവസ്ഥയിലായ യുവതി പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലുമായിരുന്നു. 

പിന്നാലെ ആശുപത്രിയിലെത്തിച്ച യുവതിക്ക് അടിയന്തരചികിത്സ നല്‍കി. അതേസമയം യുവതി മെഡിക്കല്‍ പരിശോധന നിഷേധിച്ചതായും കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പന്താല സ്വദേശി ഗൗരവ് രതിയാണ് പിടിയിലായത്. സ്വന്തമായി പഴക്കടയുള്ള പ്രതി ചില സമയങ്ങളില്‍ ഡ്രൈവറായും ജോലി ചെയ്യാറുണ്ടെന്ന് പൊലീസ് പറയുന്നു. 

ENGLISH SUMMARY:

Gurugram Crime: A shocking incident unfolded where a woman was abducted and sexually assaulted in Gurugram. Police swiftly responded, rescuing the victim and apprehending the perpetrator within hours, highlighting the urgency and effectiveness of law enforcement in addressing such heinous crimes.