ചെറിയ കാര്യത്തിന്റെ പേരില്‍ മുംബൈ ലോക്കല്‍ ട്രെയിനില്‍ വച്ചുണ്ടായ തര്‍ക്കത്തിനു പിന്നാലെ കോളജ് അധ്യാപകന്‍ കുത്തേറ്റു മരിച്ചു. മലഡ് സ്റ്റേഷനില്‍വച്ചാണ് സംഭവം. കുത്തിപ്പരുക്കേല്‍പ്പിച്ച സഹയാത്രക്കാരന്‍ സംഭവത്തിനു പിന്നാലെ ഒളിവില്‍പ്പോയി.
ഒരാള്‍ മലഡ് സ്റ്റഷനിലെ ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ ചോരയില്‍ക്കുളിച്ച് കിടക്കുന്നെന്ന വിവരമറിഞ്ഞാണ് മുംബൈ പൊലീസ് സ്ഥലത്തെത്തുന്നത്. അലോക് സിങ് എന്ന കോളജ് അധ്യാപകനാണ് കുത്തേറ്റുകിടന്നത്. യാത്ര ചെയ്യുന്നതിനിടെ ചെറിയ കാര്യം പറഞ്ഞ് തര്‍ക്കിച്ച സഹയാത്രക്കാരനാണ് കത്തിയെടുത്ത് അധ്യാപകന്റെ വയറ്റില്‍ നിരവധിതവണ കുത്തിയതെന്ന് സഹയാത്രക്കാര്‍ പൊലീസിന് മൊഴി നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അധ്യാപകന് തിരിച്ച് പ്രതികരിക്കാന്‍ പോലുമായില്ലെന്നും പ്രതി ഓടിപ്പോയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റ അധ്യാപകന്‍ ഒരു വിധത്തില്‍ ട്രെയിനില്‍ നിന്നിറങ്ങിയെങ്കിലും പ്ലാറ്റ്ഫോമില്‍ വീഴുകയായിരുന്നു. തന്റെ കൈകൊണ്ട് മുറിവില്‍ അമര്‍ത്തിപ്പിടിച്ച് രക്തപ്രവാഹം നിര്‍ത്താന്‍ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല.
വൈല്‍ പാര്‍ലെയിലെ എന്‍എം കോളജ് അധ്യാപകനാണ് അലോക് സിങ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ച പൊലീസ്, റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.