ജാര്‍ഖണ്ഡിലെ ഡിഗോര്‍ ജില്ലയില്‍ റെയില്‍വേ ട്രാക്കില്‍ ചരക്കുലോറിയും എക്സ്പ്രസ് തീവണ്ടിയും കൂട്ടിയിടിച്ചു. റെയില്‍വെ ക്രോസിങ് കടക്കുകയായിരുന്നു ലോറിയില്‍, ഗോണ്ട– അസന്‍സോള്‍ എക്സ്പ്രസ് വന്നിടിക്കുകയായിരുന്നു. നവാദി റെയില്‍വെ ക്രോസിലാണ് അപകടം.
ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്ന് പശ്ചിമ ബംഗാളിലെ അസൻസോളിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടം വരുത്തിയത്. ജാസിദിഹിൽ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. കൃത്യമായ സിഗ്നല്‍ ലഭിക്കാത്തതിനാല്‍ ഡൗണ്‍ ലൈനിലൂടെ വരികയായിരുന്ന എക്സ്പ്രസ് ട്രക്കിലിടിക്കുകയായിരുന്നു എന്ന് റെയില്‍വേ വിശദീകരിച്ചു.
ട്രക്കില്‍ വന്നിടിച്ച ശേഷം ട്രെയിന്‍ നിര്‍ത്തുന്നതാണ് വിഡിയോ. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളില്‍ കൂടി ഇടിച്ചു. രണ്ടു ബൈക്കുകള്‍ക്ക് കേടുപാട് സംഭവിച്ചു. റെയില്‍വേ ക്രോസിങില്‍ വലിയ തിരക്കുള്ള സമയത്തായിരുന്നു അപകടം. കൂട്ടിയിടിക്ക് കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് അസന്‍സോള്‍ റെയില്‍വേ ഡിവിഷന്‍ വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അപകടമുണ്ടാക്കിയ എന്‍ജിന്‍ സ്ഥലത്തു നിന്നും നീക്കി. അപകടം അന്വേഷിക്കാന്‍ നാലംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.