Image credit: X
കനത്ത മൂടല്‍ മഞ്ഞില്‍ കാര്‍ മാലിന്യക്കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. നോയിഡ സ്വദേശിയായ യുവരാജാണ് മരിച്ചത്. സോഫ്റ്റ്വെയര് എന്‍ജിനീയറായ യുവരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയാണ് സെക്ടര്‍ 150തില്‍ വച്ച് കാര്‍ മറിഞ്ഞത്.
റോഡില്‍ റിഫ്ലക്ടറുകള്‍ ഇല്ലാതിരുന്നതും കനത്ത മൂടല്‍ മഞ്ഞുമാണ് അപകടം സൃഷ്ടിച്ചത്. രണ്ട് മാലിന്യക്കുഴികളെ വേര്‍തിരിക്കുന്ന ഭാഗത്തേക്കാണ് യുവരാജിന്‍റെ കാര്‍ മറിഞ്ഞത്. എഴുപത് അടി താഴ്ചയുള്ള ഈ കുഴിയിലാകെ വെള്ളം നിറഞ്ഞിരുന്നു. കാര്‍ അപകടത്തില്‍പ്പെടതും യുവരാജ് അച്ഛനെ ഫോണില്‍ വിളിച്ചു. 'അച്ഛാ ഞാനൊരു വെള്ളക്കുഴിയില്‍ വീണു. മുങ്ങിപ്പോവുകയാണ്. എങ്ങനെയെങ്കിലും വന്ന് എന്നെ രക്ഷിക്കാമോ, എനിക്ക് മരിക്കേണ്ട' എന്നായിരുന്നു യുവരാജ് പറഞ്ഞത്. ഭയചകിതനായ പിതാവ് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. ലൊക്കേഷന്‍ കണ്ടെത്തി സംഭവ സ്ഥലത്ത് എത്തി എന്‍ഡിആര്‍എഫിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അഞ്ച് മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. അപ്പോഴേക്കും യുവരാജിന്‍റെ ജീവന്‍ നഷ്ടമായിരുന്നു.
ദാരുണ സംഭവത്തിന് പിന്നാലെ യുവരാജിന്‍റെ കുടുംബം പരാതി നല്‍കി. അധികൃതരുടെ അനാസ്ഥയാണ് മകന്‍റെ ജീവനെടുത്തതെന്നും റോഡില്‍ റിഫ്ലക്ടറുകള്‍ ഒന്നും സ്ഥാപിച്ചിരുന്നില്ലെന്നും സര്‍വീസ് റോഡിലൂടെ ഉണ്ടായിരുന്ന ഓടകള്‍ തുറന്നിട്ട നിലയിലാണെന്നും പരാതിയില്‍ പറയുന്നു. അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതില്‍ അന്വേഷണം നടത്തുമെന്നും മതിയായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
യുവരാജിന്‍റെ മരണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. റിഫ്ലക്ടറും അപകട ബോര്‍ഡും സ്ഥാപിക്കണമെന്ന് പലയാവര്‍ത്തി ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെ ടണ്‍ കണക്കിന് മാലിന്യവും കെട്ടിടങ്ങളും അവശിഷ്ടങ്ങളും കൊണ്ട് വന്ന് മാലിന്യക്കുഴി അധികൃതര്‍ മൂടി.