ഭക്ഷണം വാങ്ങാന്‍ താഴെയിറങ്ങി വരില്ലെന്ന് ഉപഭോക്താവിന്‍റെ വാശിക്ക് പിന്നാലെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ച് സോമാറ്റോ ഡെലിവറി ഏജന്‍റ്. ഭക്ഷണം താഴെയെത്തി വാങ്ങാന്‍ പറഞ്ഞതോടെ ഉപഭോക്താവുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. പിന്നാലെ ഭക്ഷണം കഴിക്കുന്ന വിഡിയോ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
ഭക്ഷണത്തിന് പണം നൽകിയതിനാൽ, ഡെലിവറി പാര്‍ട്ണര്‍ അത് വീട്ടുവാതിൽക്കൽ എത്തിക്കണമെന്നായിരുന്നു ഉപഭോക്താവിന്‍റെ ആവശ്യം. ബാൽക്കണിയിൽ നിന്ന് ഇക്കാര്യം വിളിച്ചുപറഞ്ഞതായി ഡെലവറി പാര്‍ട്ണര്‍ വിഡിയോയില്‍ പറയുന്നു. പുലര്‍ച്ചെ 2.30യ്ക്ക് സംഭവം. ബൈക്ക് ആരെങ്കിലും മോഷ്ടിക്കുമെന്ന് ഭയമുണ്ടായിരുന്നു. രാത്രി തണുപ്പിൽ റൈഡർമാർ ദീർഘദൂരം സഞ്ചരിക്കുന്നതിനാൽ ഉപഭോക്താക്കൾ അൽപ്പം മയത്തില്‍ പെരുമാറണമെന്നും അയാള്‍ വിഡിയോയില്‍ പറയുന്നു.
വീട്ടുവാതില്‍ക്കല്‍ ഡെലിവര്‍ ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഓര്‍ഡര്‍ ക്യന്‍സല്‍ ചെയ്യാനാണ് ഉപഭോക്താവ് ആവശ്യപ്പെട്ടത്. ഇത് ക്യാന്‍സല്‍ ചെയ്ത് ഇവിടെ നിന്നു തന്നെ കഴിക്കുകയാണ്. ഗുലാം ജാം കഴിക്കുന്ന വിഡിയോ പങ്കിട്ട് ഡെലിവറി പാര്‍ട്ണര്‍ പറഞ്ഞു. ബോക്സിലുള്ള ബിരിയാണിയും കഴിക്കുമെന്നും വിഡിയോയിലുണ്ട്്. ജനുവരി ഒന്നിന് പോസ്റ്റ് ചെയ്ത വിഡിയോ 12 ലക്ഷം പേരാണ് ഇതുവരെ കണ്ടത്.
വിഡിയോ വൈറലായതോടെ ഇരുപക്ഷത്തെയും പിന്തുണച്ച് കമന്‍റുകളുണ്ട്. ഒരു വിഭാഗം ഡെലിവറി പാര്‍ട്ണറെ പിന്തുണയ്ക്കുമ്പോള്‍ വീട്ടുവാതില്‍ക്കല്‍ എത്തിക്കാനായി അധിക പണം നല്‍കുന്നുണ്ടെന്നാണ് മറ്റുകൂട്ടരുടെ വാദം. ഡോര്‍സ്റ്റെപ്പ് ഡെലിവറി എന്നാല്‍ വീട്ടിലെത്തിച്ച് നല്‍കണമെന്നാണ്. എന്തിനാണ് അവര്‍ താഴേക്ക് വരേണ്ടത്. തങ്ങളുടെ സൗകര്യത്തിനായി ഉപഭോക്താക്കള്‍ അധിക തുകയും പ്രീമിയവും നല്‍കുന്നുണ്ടെന്നാണ് ഒരു കമന്‍റ്. ഭക്ഷണം വാതില്‍ക്കല്‍ വച്ച് തിരിച്ചു പോേകണ്ടതായിരുന്നു എന്നാണ് മറ്റൊരു കമന്‍റ്.