രാത്രിയില്‍ ജീവനൊടുക്കാനായി എലിവിഷം ഓര്‍ഡര്‍ ചെയ്ത യുവതിയെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുകയറ്റി ഡെലിവറി ബോയ്. ജോലിക്കിടെയുണ്ടായ അനുഭവം ഡെലിവറി ബോയ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞത്. ഏതൊരു ഓര്‍ഡറും പോലെ തന്നെ കൈമാറി പോകുമായിരുന്ന ഒരു ഓര്‍ഡര്‍ മാത്രമായിരുന്നു അത്. എന്നാല്‍ ആ ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ ഒരു നിമിഷത്തെ ചിന്തയാണ് ഒരു ദുരന്തം ഒഴിവാക്കുന്നതും ജീവന്‍ രക്ഷിക്കുന്നതും.
ദില്ലി റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. തനിക്ക് രാത്രിയില്‍ മൂന്ന് പാക്കറ്റ് എലിവിഷത്തിനുള്ള ഓർഡർ എനിക്ക് ലഭിച്ചെന്നും മറ്റേതെങ്കിലും സമയമാണെങ്കില്‍ സാധാരണപോലെ തോന്നുമായിരുന്നു എന്നാല്‍ ആ വൈകിയ സമയത്തെ ഓര്‍ഡര്‍ ആശങ്കയുണ്ടാക്കിയെന്നും ബ്ലിങ്കിറ്റിന്‍റെ യൂണിഫോം ധരിച്ച യുവാവ് പറയുന്നു. ഓര്‍ഡര്‍ ലഭിച്ച ലൊക്കേഷനില്‍ എത്തിയപ്പോള്‍ തന്‍റെ സംശയം കൂടുതല്‍ ബലപ്പെട്ടതായി യുവാവ് പറഞ്ഞു. ആ വീടിന്‍റെ വാതില്‍ തുറന്നിട്ടിരുന്നു. അവിടെ ഒരു സ്ത്രീ കരയുകയായിരുന്നു. എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. ഓര്‍ഡര്‍ നല്‍കുന്നതിന് മുന്‍പ് താന്‍ അവരോട് സംസാരിച്ചതായും യുവാവ് പറഞ്ഞു. ജീവനൊടുക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് അവര്‍ പറഞ്ഞെങ്കിലും ആ യുവതിയുടെ അവസ്ഥയും രാത്രി വൈകിയ സമയത്തുള്ള ഓര്‍ഡറും കാരണം അത് കൈമാറാന്‍ തനിക്ക് മനസുവന്നില്ലെന്നും യുവാവ് പറയുന്നു
താന്‍ ആ യുവതിയോട് ശാന്തമായി സംസാരിച്ചുവെന്നും അതിരുകടന്ന ഒന്നും ചെയ്യരുതെന്നും പറഞ്ഞു. പ്രശ്നങ്ങൾ കടന്നുപോകുമെന്നും ജീവിതമാണ് പ്രധാനമെന്നും അവളെ ഓർമ്മിപ്പിച്ചു. ഓർഡർ റദ്ദാക്കി ആ എലിവിഷം തിരികെ കൊണ്ടുപോയെന്നും യുവാവ് പറയുന്നു. ‘അവര്‍ എന്താണ് ചിന്തിച്ചിരുന്നതെന്ന് ഇപ്പോളും എനിക്ക് അറിയില്ല പക്ഷേ ആ കരച്ചില്‍ കണ്ട് അത് ഡെലിവറി ചെയ്യാന്‍ തോന്നിയില്ല എന്നാണ് യുവാവ് പറയുന്നത്.
വിഡിയോ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം എട്ട് മില്യണ്‍ കാഴ്ചക്കാരെ വിഡിയോക്ക് ലഭിച്ചിട്ടുണ്ട്. യുവാവിനെ അഭിനന്ദിച്ചും പ്രശംസിച്ചും ഒരുപാട് പേരാണ് രംഗത്തെത്തുന്നത്. നിങ്ങളെപ്പോലുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇപ്പോഴും മനോഹരമായിരിക്കുന്നത് എന്നാണ് ഒരാള്‍ കുറിച്ചത്. നിങ്ങളാണ് ഹീറോ, നിങ്ങളില്‍ അഭിമാനം തോന്നുന്നു എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെയുള്ള കമന്‍റുകള്‍. അതേസമയം, ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആളുകള്‍ ആശങ്കകളും പ്രകടിപ്പിച്ചിക്കുന്നുണ്ട്.