ബെംഗളുരു നഗരത്തില്‍ നിസാര കാര്യത്തിന് നടുറോഡില്‍ ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരനു ക്രൂരമര്‍ദ്ദനം. ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ ഉരസിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള മര്‍ദ്ദനത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും കൈകാര്യം ചെയ്യകയും ചെയ്തു.
ഇടറോഡില്‍ നിന്നും മഹാദേവ് പുര മെയിന്‍ റോഡിലേക്കു കയറുകയായിരുന്നു ഡെലിവറിജീവനക്കാരനായ ദിലീപ് കുമാര്‍. മറ്റൊരു സ്കൂട്ടര്‍ ദിലീപിന്റെ വാഹനത്തിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. സ്കൂട്ടറില്‍ നിന്നിറങ്ങിയ യുവാക്കള്‍ ഹെല്‍മറ്റ് ഊരി മര്‍ദിച്ചതോടെ ദിലീപ് നിലത്തുവീണു. സംഭവം കണ്ട് ഓടിയെത്തിയവര്‍ നടുറോഡിലെ മര്‍ദ്ദനം ചോദ്യം ചെയ്തു. ഇതിനിടയ്ക്ക് പ്രായമായ ആളോട് ഇരുവരു കയര്ത്തു സംസാരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പൊലീസ് കേസെടുത്തു. മഹാദേവ പുര സ്വദേശികളായ ജഗത്,ധര്‍മ്മ എന്നിവര്‍ അറസ്റ്റിലായി. നഗരത്തില്‍ വാഹനയാത്രക്കാര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കാളിയുമുണ്ടാകുന്നതു പതിവാണെങ്കിലും നാട്ടുകാര്‍ ഇടപെടുന്നത് അപൂര്‍വമാണ്.