പ്രതീകാത്മക ചിത്രം

TOPICS COVERED

വീസ രേഖകളോ പാസ്പോര്‍ട്ടോ ഇല്ലാതെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ചൈനീസ് യുവതി അതിര്‍ത്തിയില്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലുള്ള ഇന്തോ–നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണ് ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

അതിര്‍ത്തിക്കടുത്തുള്ള നൗതാന്‍വ പ്രദേശത്തെ ബെയ്​രിയ ബസാറിലെ ഫുട്പാത്തിലൂടെ നടന്നു കയറുകയായിരുന്നു യുവതി. സംശയാസ്പദമായി തോന്നിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി. സശാസ്ത്ര സീമാ ബല്‍ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇവരുടെ കൈവശം മതിയായ യാത്രാരേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ പൊലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഹുവാജിയ ജീ എന്നാണ് യുവതിയുടെ പേരെന്നാണ് സ്ഥിരീകരണം.  ഹുവാജിയ എന്തിനാണ് ഇന്ത്യയിലെത്തിയത്? എത്ര നാളായി ഇതിനായി പരിശ്രമിക്കുന്നു, ഇവിടെ പരിചയക്കാരുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന്  പൊലീസ് അറിയിച്ചു. 

ഹുവാജിയയെ പോലെ നേരത്തെ ഇന്ത്യയിലേക്ക് നേപ്പാള്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച ലീ ജിന്‍ മേയിക്ക് നവംബറിലാണ് ബഹ്റെയ്ച് കോടതി എട്ടുവര്‍ഷത്തെ ശിക്ഷയും 50,000 രൂപ പിഴയും  വിധിച്ചത്. 2023 ഡിസംബറിലായിരുന്നു ലീയെ റുപായ്ദിഹയില്‍വച്ച് എസ്എസ്ബി പിടികൂടിയത്. ബുദ്ധമതാനുയായികളെ പോലെ വസ്ത്രം ധരിച്ചായിരുന്നു ലീ എത്തിയത്. അന്നും പാസ്പോര്‍ട്ട് ചോദിച്ചതോടെയാണ് ലീ കുടുങ്ങിയത്. കയ്യില്‍ പാസ്പോര്‍ട്ടുണ്ടായിരുന്നില്ല. ഇംഗ്ലിഷോ,ഹിന്ദിയോ മനസിലാകുന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ചൈനീസ് പാസ്പോര്‍ട്ട് ഇവരില്‍ നിന്നും കണ്ടെത്തി. രണ്ട് മൊബൈല്‍ ഫോണ്‍, ചാര്‍ജറുകള്‍, ചൈനയിലെ എടിഎം കാര്‍ഡുകള്‍, മതപരമായ പുസ്തകങ്ങള്‍ എന്നിവയും അന്ന് ലീയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

ENGLISH SUMMARY:

A Chinese national named Huajia Ji was arrested at the Maharajganj border in UP for attempting to enter India without a visa or passport. Sashastra Seema Bal (SSB) detained her for questioning regarding her motives and connections.