മധ്യപ്രദേശിലെ മഹാരാജ യശ്വന്ത്റാവു (എംവൈ) ആശുപത്രി വീണ്ടും വിവാദത്തില്‍. ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ നഴ്സിന്‍റെ അശ്രദ്ധമൂലം അറ്റുപോയതായി റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് എലികളുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. പ്രതിഷേധത്തിന് പിന്നാലെ നഴ്സിനെ ആശുപത്രി അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിന്റെ കൈയിലെ ഇൻട്രാവണസ് മരുന്നുകൾ നൽകാൻ ഉപയോഗിക്കുന്ന ടേപ്പ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. നഴ്സിന്‍റെ കയ്യിലുണ്ടായിരുന്ന കത്രിക കൊണ്ട് കുഞ്ഞിന്റെ തള്ളവിരൽ മുറിഞ്ഞുപോകുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണ് കാരണമെന്ന് കുടുംബം ആരോപിച്ചു.
കുടുംബത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് ആശുപത്രി അധികൃതർ നഴ്‌സിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ മൂന്ന് നഴ്‌സിങ് ഇൻ ചാർജ്ജുമാരുടെ ശമ്പളം അന്വേഷണം അവസാനിക്കും വരെ തടയുകയും ചെയ്തു. കുഞ്ഞിനെ എംജിഎം മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ അറ്റുപോയ തള്ളവിരല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില സ്ഥിരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും മെഡിക്കൽ കോളജ് ഡീൻ പറഞ്ഞു. അന്വേഷണത്തിന് ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എംവൈ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് മഹാരാജ യശ്വന്ത്റാവു (എംവൈ) ആശുപത്രി. മാസങ്ങള്‍ക്ക് മുന്‍പ് എലികളുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ ഇവിടെ മരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലായിരുന്ന നവജാതശിശുക്കളാണ് എലി കടിച്ച് ദാരുണമായി മരിച്ചത്. ഒരു കുട്ടിയുടെ വിരലുകളിലും മറ്റൊരു കുട്ടിയുടെ തലയിലും തോളിലുമാണ് എലി കടിച്ചത്. ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും ഇടയിലായിരുന്നു സംഭവം.