ബിഹാറില്‍ കുഞ്ഞിന്റെ രോഗത്തിനു കാരണക്കാരി അയല്‍ക്കാരിയാണെന്നാരോപിച്ച് 35കാരിയെ തല്ലിക്കൊന്നു. നവാഡ ജില്ലയിലാണ് ഈ ക്രൂരത അരങ്ങേറിയത്. നാല് കുട്ടികളുടെ അമ്മയായ കിരണ്‍ ദേവിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അന്ധവിശ്വാസം നിരപരാധികളുടെ ജീവനെടുക്കുന്ന നിരവധി സംഭവങ്ങളാണ് ബിഹാറില്‍ നിന്നും വാര്‍ത്തയാകുന്നത്.
അയല്‍പക്കത്തെ കുഞ്ഞിന് തലച്ചോറുമായി ബന്ധപ്പെട്ട അസുഖമാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് 35കാരിയെ തല്ലിക്കൊന്നത്. കിരണ്‍ ദേവി മന്ത്രവാദം നടത്തുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു അയല്‍ക്കാരുടെ ആക്രമണം. അയല്‍ക്കാരായ മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നത്രു ചൗധരി, ശോഭാ ദേവി എന്നിവർ ഇഷ്ടികയും കല്ലും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചാണ് കിരൺ ദേവിയെ ക്രൂരമായി മർദ്ദിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ആക്രമണത്തിനിടെ കിരൺ ദേവിയുടെ രണ്ട് നാത്തൂന്‍മാര്‍ക്കും ഗുരുതരമായി പരുക്കേറ്റു. കിരൺ ദേവിക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.
പരുക്കേറ്റയുടന്‍ ഇവരെ സബ്-ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയെങ്കിലും കനത്ത രക്തസ്രാവത്തെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ കിരൺ ദേവി വഴിമധ്യേ മരിച്ചു. രണ്ട് കുടുംബങ്ങൾക്കുമിടെയില്‍ തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും നവാഡ രാജൗലി സ്റ്റേഷൻ ഹൗസ് ഓഫീസർ രഞ്ജിത് കുമാർ പറഞ്ഞു.
മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ നേരത്തേയും സംസ്ഥാനത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.