തമിഴക വെട്രി കഴകത്തിന്‍റെ പൊതുയോഗത്തിനിടെ നേതാക്കളെ തടഞ്ഞ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഇഷാ സിങിനെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റി. പുതുച്ചേരിയില്‍ നടന്ന പരിപാടിയില്‍ വേദിയിലേക്ക് പ്രവര്‍ത്തകരെ കയറ്റിയ നേതാക്കളെ ഇഷാ സിങ് തടഞ്ഞിരുന്നു. കരൂര്‍ സംഭവത്തിന് ശേഷം കര്‍ശന നിയന്ത്രണത്തോടെ നടന്ന യോഗത്തിനിടെയാണ് സംഭവം.
ഉപ്പളം എക്സ്പോ ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തിന് കര്‍ശനമായ പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നു. റോഡ് ഷോ നിരോധിച്ചും വേദിയിലെത്തുന്ന ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുമായിരുന്നു യോഗം. പരിപാടി തുടങ്ങുന്നതിന് മുന്‍പ് ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് സ്റ്റേജില്‍ കയറി പ്രവര്‍ത്തകരോട് അകത്തേക്ക് കയറി ഇരിക്കാന്‍ പറഞ്ഞു. ഇതോടെ ഇഷാ സിങ് ഇടപെട്ട് പ്രസംഗം നിര്‍ത്തുകയായിരുന്നു.
നിങ്ങളുടെ കയ്യില്‍ ഒരുപാട് പേരുടെ രക്തമുണ്ട്, നാല്‍പത് പേര്‍ മരിച്ചു. നിങ്ങളെന്താണ് ചെയ്യുന്നത് എന്നാണ് ഇഷാ സിങ് സംഘാടകരോട് ചോദിച്ചത്. അനുവദിച്ച പരിധിക്കപ്പുറം ഒരാളെ പോലും അനുവദിക്കില്ലെന്നും ഇഷാ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
1985 ബാച്ച് ഐപിഎസ് ഓഫീസറായ യോഗേഷ് പ്രതാപ് സിങിന്‍റെ മകളാണ് ഇഷാ സിങ്. അഴിമതി തുറന്നുകാണിച്ചതിന് നിരന്തരം പണിഷ്മെന്‍റ് പോസ്റ്റിങുകള്‍ ലഭിച്ചതോടെ യോഗേഷ് രാജിവച്ചിരുന്നു. ഇഷയുടെ അമ്മ അബാ സിങ് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ നിന്നും രാജിവച്ച് അഭിഭാഷകയായി. സല്‍മാന്‍ ഖാന്‍റെ കാറിടിച്ച കേസ് അടക്കം വാദിച്ചത് അബാ സിങാണ്.