എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഹൈദരാബാദില്‍ പുതുവത്സരാഘോഷത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. 16 പേര്‍ ആശുപത്രിയില്‍. ഇവരില്‍ ഒരാളുടെ നില ഗുരുതരവുമാണ്. ഭവാനി നഗറിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന സ്വകാര്യ ആഘോഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. ജഗദ്ഗിരിഗുട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
40 നും 60 നും ഇടയിൽ പ്രായമുള്ള അയല്‍വാസികളായ കുറച്ചുപേരാണ് ഒരു അപ്പാർട്ട്മെന്റിൽ ഹൗസ് പാർട്ടി സംഘടിപ്പിച്ചത്. 2025 ഡിസംബര്‍ 31 ന് വൈകുന്നേരം ഇവര്‍ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്തു. മദ്യവും ചിക്കൻ ബിരിയാണിയും മീനും ഉൾപ്പെടെയുള്ള ഭക്ഷണമാണ് ആഘോഷത്തിനിടെ വിളമ്പിയത്. എന്നാല്‍ ജനുവരി ഒന്നിന് രാവിലെയോടെ ആഘോഷത്തില്‍ പങ്കെടുത്തവരിൽ പലർക്കും ഛർദ്ദി, ഓക്കാനം, തലകറക്കം, വയറുവേദന എന്നിവ അനുഭവപ്പെടാന്‍ തുടങ്ങുകയും ചെയ്തു.
ഇതിനിടെ ആരോഗ്യനില നില വഷളായതിനെത്തുടർന്ന് ആഘോഷത്തിൽ പങ്കെടുത്ത ബിസിനസുകാരനായ പാണ്ഡു (53) വിനെ രാവിലെ 10 മണിയോടെ ജീഡിമെറ്റ്‌ലയിലെ മല്ല റെഡ്ഡി നാരായണ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം മരിക്കുകയും ചെയ്തു. പാണ്ഡുവിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ മറ്റുള്ളവരേയും സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച 16 പേരിൽ 15 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഒരാൾ വെന്റിലേറ്ററിലാണെന്നുമാണ് വിവരം. വിഷബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്തിയിട്ടില്ല. ഭക്ഷണ സാമ്പിളുകളും ചേരുവകളും ആശുപത്രിയിലെ ലബോറട്ടറിയിൽ പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 194 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.