രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് പേരുകേട്ട ഇന്‍ഡോറില്‍ മലിനജലം ഉള്ളില്‍ ചെന്ന് മൂന്ന് പേര്‍ മരിച്ചു. 60 പേരാണ് വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഛര്‍ദിയും വയറിളക്കവും ബാധിച്ച് ചികില്‍സയിലുള്ളത്. ഭഗീരഥ്പുരയിലാണ് സംഭവം. കുടിവെള്ളത്തിലൂടെ പകര്‍ന്ന വ്യാധി നാട്ടുകാരെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
നന്ദന്‍ലാലെന്ന 70കാരനാണ് ആദ്യം മരിച്ചത്. ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്നാണ് ഇയാളെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഇദ്ദേഹത്തിന്‍റെ സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. അഞ്ചുപേര്‍ കൂടി ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
150 ലേറെപ്പേര്‍ ഇതിനകം വര്‍മ, ത്രിവേണി ആശുപത്രികളില്‍ ഛര്‍ദി, വയറുവേദന,വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളെ തുടര്‍ന്ന് ചികില്‍സ തേടിയെന്നാണ് കണക്ക്.60 പേര്‍ അഡിമിറ്റാണ്. ആശുപത്രികളില്‍ ചികില്‍സയിലുള്ളവര്‍ക്ക് മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബാംഗങ്ങളെ മന്ത്രി കൈലാഷ് വിജയവര്‍ഗിയ സന്ദര്‍ശിച്ചു. ഇവര്‍ക്കുള്ള നഷ്ടപരിഹാരം വൈകാതെ കൈമാറും. ചികില്‍സയിലുള്ളവരുടെ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.
പ്രദേശത്ത് നടന്ന ഖനനപ്രക്രിയയ്ക്കിടെ കുടിവെള്ള പൈപ്പ് പൊട്ടുകയും ഇതിലൂടെ രാസമാലിന്യങ്ങളടക്കം കയറുകയും വെള്ളം മലിനമാകുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ഇത്തരത്തില്‍ മലിനമായ വെള്ളമാണ് ജലസംഭരണികളിലേക്ക് എത്തിയതെന്നും ഇത് വീടുകളിലേക്കുള്ള വിതരണം ചെയ്തതാണ് വിനയായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നര്‍മദ നദിയില്‍ നിന്നുള്ള വെള്ളമാണ് ശുദ്ധീകരിച്ച് വിതരണം ചെയ്തിരുന്നത്. ദിവസങ്ങളായി പൈപ്പിലൂടെ എത്തുന്ന വെള്ളത്തിന് ദുര്‍ഗന്ധമുണ്ടെന്ന് പ്രദേശവാസികള്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നുവെങ്കിലും ആരും ഗൗനിച്ചില്ല. അതേസമയം, നിലവില്‍ ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നുമാണ് അഡീഷനല്‍ മുനിസിപ്പല്‍ കമ്മിഷണറുടെ പ്രതികരണം. പ്രദേശത്തെ 1138വീടുകള്‍ കയറിയിറങ്ങി സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും മതിയായ നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികില്‍സ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്നും അധികൃതര്‍ അവകാശപ്പെടുന്നു.