People ride a boat in the waters of river Yamuna on a cold and foggy winter morning in New Delhi, REUTERS
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള 118 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹിയിലേക്കുള്ള 60 വിമാനങ്ങള്‍ റദ്ദാക്കുകയും 16 വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. 200ഓളം ഫ്ലൈറ്റുകള്‍ വൈകുന്നതായും ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കാഴ്ചപരിധി തീര്‍ത്തും മോശമാണെന്ന് കാലാവസ്ഥാ വകുപ്പും വ്യക്തമാക്കുന്നു.
വടക്കേയിന്ത്യയിലേക്കുള്ള വിമാനയാത്രക്കാര്‍ എയര്‍ലൈനുകളുടെ വെബ്സൈറ്റുകള്‍ നിരന്തരം പരിശോധിക്കണമെന്നും മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന്‍റെ സമയത്തില്‍ മാറ്റം സംഭവിക്കുകയോ, റദ്ദാക്കലോ ഉണ്ടാകമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. മൂടല്‍ മഞ്ഞ് വ്യോമഗതാഗതത്തെ ബാധിച്ചിട്ടുള്ളതിനാല്‍ സര്‍വീസുകളില്‍ തടസം നേരിടുന്നുണ്ടെന്ന് ഇന്‍ഡിഗോ എക്സില്‍ കുറിച്ചിട്ടുണ്ട്. ഡല്‍ഹി, അമൃത്സര്‍, ചണ്ഡീഗഡ്, ജമ്മു, കൊല്‍ക്കത്ത, റാഞ്ചി, ഗുവാഹട്ടി, ഹിന്‍ഡന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളെ മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെയും വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു. 128 ഫ്ലൈറ്റുകളാണ് ഇന്നലെ ഡല്‍ഹിയില്‍ റദ്ദാക്കിയത്. ഉച്ചയ്ക്ക് മുന്‍പായി 200 ഫ്ലൈറ്റുകള്‍ വൈകുകയും ചെയ്തു. ഇന്‍ഡിഗോ മാത്രം 80 സര്‍വീസുകളാണ് റദ്ദാക്കിയത്. മൂടല്‍മഞ്ഞ് ട്രെയിന്‍–റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.