Image credit: instagram/vogueshaire
താലികെട്ടുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് സിന്ദൂരമെടുക്കാന്‍ മറന്നുവെന്ന് അറിഞ്ഞാല്‍ എന്താകും പുകില്‍? ആലോചിച്ച് തല പുകയ്ക്കേണ്ട. ശരിക്കും അങ്ങനെ സംഭവിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് സിന്ദൂരം മറന്ന കഥ വധൂവരന്‍മാര്‍ പങ്കുവച്ചത്. വിവാഹത്തിരക്കിനിടെ എല്ലാവരും സിന്ദൂരത്തിന്‍റെ കാര്യം മറന്നു. ഒടുവില്‍ വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് വധൂവരന്‍മാര്‍ അക്കാര്യം അറിഞ്ഞത്. സിന്ദൂരം കാണാനില്ല! വാങ്ങി വച്ചുവെങ്കിലും വിവാഹവേദിയിലേക്ക് സിന്ദൂരം കൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ മറന്നുപോയതാണ് സംഭവം. ഒടുവില്‍ രക്ഷകനായത് ബ്ലിങ്കിറ്റാണെന്ന് നവദമ്പതികളായ പൂജയും ഹൃഷിയും പറയുന്നു. വിവാഹശേഷം പങ്കുവച്ച വിഡിയോയിലാണ് രസകരമായ സംഭവം ഇരുവരും വിവരിക്കുന്നത്.
തിരക്കിനിടെ എല്ലാവരും സിന്ദൂരത്തിന്‍റെ കാര്യം മറന്നു. താലികെട്ട് അടുത്തപ്പോഴാണ് സിന്ദൂരച്ചെപ്പെവിടെ എന്ന് ചോദ്യമുയര്‍ന്നത്. എല്ലാവരും അമ്പരന്നു. ചിരിച്ച മുഖങ്ങള്‍ മെല്ലെ മ്ലാനമായി. പക്ഷേ അപ്പോഴേക്ക് ബന്ധുക്കളിലൊരാള്‍ക്ക് ബുദ്ധി തോന്നി. ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ ചെയ്താലോ എന്ന്. പിന്നെ വൈകിയില്ല. മിനിറ്റുകള്‍ക്കുള്ളില്‍ സിന്ദൂരമെത്തി. അങ്ങനെ മുഹൂര്‍ത്തം തെറ്റാതെ താലികെട്ടും സിന്ദൂരച്ചാര്‍ത്തും കഴിഞ്ഞു.
സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയ്ക്ക് ചുവടെ തങ്ങളുടെ വിവാഹത്തിന് ഇതുപോലെ ഓരോന്ന് മറന്ന കാര്യങ്ങള്‍ ആളുകള്‍ കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ബ്ലിങ്കിറ്റിനെ അഭിനന്ദിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്. കൃത്യസമയത്ത് ഓടിയെത്തിയ ഡെലിവറി ബോയ്ക്ക് നന്ദി പറയുന്നവരും കുറവല്ല. ബ്ലിങ്കിറ്റില്ലായിരുന്നുവെങ്കിലോ എന്ന് സിനിമാ സ്റ്റൈലില്‍ രസകരമായി കമന്‍റിട്ടവരുമുണ്ട്. ബ്ലിങ്കിറ്റിന് ഇതിലും വലിയ പരസ്യം വേണ്ടെന്നും കമന്‍റുകളുണ്ട്.