വിവാഹം നടന്ന് 24 മണിക്കൂറിനുള്ളില്‍ ബന്ധം പിരിഞ്ഞ് ദമ്പതികള്‍. പ്രണയിച്ച് വിവാഹിതരായ ദമ്പതിമാരാണ് വിവാഹത്തിന് തൊട്ടടുത്ത ദിവസം വിവാഹ മോചനത്തിലേക്ക് എത്തിയത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. മൂന്നു വര്‍ഷത്തോളം പരിചയമുള്ളവരാണ് ഇരുവരുമെന്ന് അഭിഭാഷക പറഞ്ഞു.
യുവതി ഡോക്ടറും വരന്‍ എന്‍ജിനീയറുമാണ്. ജീവിത സാഹചര്യത്തെ പറ്റി ഇരുവര്‍ക്കുമുണ്ടായ അഭിപ്രായ വ്യത്യാസമാണ് പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേര്‍പിരിയാന്‍ കാരണമായത്. ഇരുവരും തമ്മിലുള്ള ആശയപരമായ അഭിപ്രായ വ്യത്യാസം ആഴത്തിലുള്ളതായിരുന്നുവെന്ന് കേസ് കൈകാര്യം ചെയ്ത അഭിഭാഷകയായ റാണി സോനവാനെ പറഞ്ഞു.
ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മുന്‍പ് രണ്ട്– മൂന്നു വര്‍ഷം ഇരുവര്‍ക്കും പരിചയമുണ്ട്. തനിക്ക് കപ്പലിലാണ് ജോലിയെന്നും എപ്പോള്‍ എവിടെയാണ് പോസ്റ്റിങെന്ന് പറയാനാകില്ലെന്നും ഭര്‍ത്താവ് വിവാഹത്തിന് ശേഷമാണ് ഭാര്യയെ അറിയിക്കുന്നത്. എത്ര കാലം ദൂരത്തായിരിക്കുമെന്ന് അറിയില്ലെന്നും ഭാര്യയോട് വെളിപ്പെടുത്തി. അനിശ്ചിതത്വമായ ജീവിത സാഹചര്യം പരിഗണിച്ച് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് അഭിഭാഷക പറഞ്ഞു.
ഇത്രയും കാലത്തെ പ്രണയത്തിനിടെ ഇരുവരും ഇക്കാര്യം തുറന്നുപറഞ്ഞില്ലെന്നത് അതിശയിപ്പിച്ചതായി അഭിഭാഷക പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട പരാതിയൊന്നും ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നില്ല. ശാന്തമായി നിയമനടപടികളിലേക്ക് കടക്കുകയും പരസ്പര സമ്മതത്തോടെ ബന്ധം പിരിയുക ആയിരുന്നു. വിവാഹത്തിന്റെ അടുത്ത ദിവസം മുതൽ ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതോടെ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെട്ടു എന്നും അഭിഭാഷക പറഞ്ഞു.