Image credit: X/jaihindjanab
പത്താംക്ലാസ് മോഡല്‍ പരീക്ഷയ്ക്കായി മൊബൈല്‍ ഫോണ്‍ എത്തിച്ച് എഐ സഹായത്തോടെ ഉത്തരമെഴുതിയ പെണ്‍കുട്ടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ വെസ്റ്റില്‍ തിങ്കളാഴ്ചയാണ് സംഭവം. കനിഷ്ക സോളങ്കിയെന്ന വിദ്യാര്‍ഥിനി പരീക്ഷാഹാളിലിരുന്ന് മൊബൈലില്‍ നോക്കി ഉത്തരമെഴുതുന്നത് ഇന്‍വിജിലേറ്ററാണ് കണ്ടെത്തിയത്. തുടര്‍ന്ന് ക്ലാസ് ടീച്ചറെയും പ്രിന്‍സിപ്പളിനെയും വിവരം അറിയിച്ചു. കോപ്പിയടി പിടിച്ചതും വിദ്യാര്‍ഥിയെ വിളിച്ചുവരുത്തി ശാസിച്ചിരുന്നുവെന്നും ഇങ്ങനെ ചെയ്താല്‍ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷയെഴുതുന്നതില്‍ നിന്ന് വിലക്ക് വരുമെന്ന് പറഞ്ഞുവെന്നും സ്കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
അതേസമയം, തന്‍റെ മകള്‍ കോപ്പിയടിച്ചിട്ടില്ലെന്നും അബദ്ധത്തിലാണ് പരീക്ഷാഹാളില്‍ മൊബൈലുമായി എത്തിയതെന്നും കനിഷ്കയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്കൂള്‍ മാനേജ്മെന്‍റ് തന്‍റെ മകളെ മാനസികമായി തകര്‍ത്തുകളഞ്ഞു. പതിനാറ് വയസുമാത്രം പ്രായമുള്ള കുട്ടിക്ക് താങ്ങാന്‍ കഴിയുന്നതിലും വലിയ ആഘാതമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പലിനും രണ്ട് ടീച്ചര്‍മാര്‍ക്കും എതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. കോപ്പിയടി പിടിച്ചതിന് പിന്നാലെ വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിവരമറിയിച്ചു. മകളെ നേരാംവണ്ണം വളര്‍ത്തിയില്ലെന്ന് തന്നെ കുറ്റപ്പെടുത്തിയതായും കുട്ടിയുടെ പിതാവ് പരാതിയില്‍ ആരോപിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ എട്ടാം നിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. മകളുടെ മരണം കുടുംബത്തെ ഉലച്ചുകളഞ്ഞുവെന്നും താഴെയുള്ള രണ്ട് മക്കള്‍ക്ക് സ്കൂളിലേക്ക് ഇനി പോകണ്ട എന്നാണ് പറയുന്നതെന്നും കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. ഈ കുട്ടികളും ഇതേ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നത്.
അതേസമയം, കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിലാക്കിയിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ വാദിക്കുന്നത്. സിബിഎസ് ഇ ചട്ടം അനുസരിച്ച് ഇത്തരം പ്രവര്‍ത്തികള്‍ പരീക്ഷാഹാളില്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. ' മോഡല്‍ പരീക്ഷയ്ക്കിടെ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ഇന്‍വിജിലേറ്റര്‍ പരിശോധിച്ചപ്പോള്‍ എഐ സഹായത്തോടെ ഉത്തരം കണ്ടെത്തി എഴുതുന്നതും കണ്ടെത്തി. ഫോണ്‍ പിടിച്ചെടുക്കുകയും കുട്ടിയെ തന്‍റെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്തു'- എന്നാണ് സംഭവത്തെ കുറിച്ച് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)