അപ്പാര്‍ട്ട്മെന്‍റിന്‍റെ പത്താം നിലയില്‍ നിന്നും തെന്നി വീണ 57 കാരന് അത്ഭുതരക്ഷ. എട്ടാം നിലയിലെ ജനാലയുടെ ഇരുമ്പ് ഗ്രിലില്‍ കുടുങ്ങിയ ഇയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച സൂറത്തിലെ ജഹാന്‍ഗിരി പുരയിലെ ടൈംസ് ഗാലക്സി റസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് സംഭവം.
സ്വന്തം അപ്പാര്‍ട്ട്മെന്‍റില്‍ വിശ്രമിക്കുമ്പോഴാണ് നിതിന്‍ ആദിയ എന്നയാള്‍ താഴേക്ക് വീണത്. ജനലിന് അരികില്‍ നില്‍ക്കമ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. വീഴ്ചയില്‍ നേരെ താഴേക്ക് പതിക്കുന്നതിന് പകരം എട്ടാം നിലയിലെ ജനാലയുടെ ഇരുമ്പ് ഗ്രില്ലില്‍ തങ്ങിനില്‍ക്കുകയായിരുന്നു.
ഒരുകാല്‍ ഇരുമ്പ് ഗ്രിലില്‍ കുടുങ്ങിയതാണ് ഇയാള്‍ക്ക് രക്ഷയായത്. മറ്റു ഫ്ലാറ്റിലെ താമസക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷ സേന സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ പരുക്കേറ്റയാള്‍ വേദനകൊണ്ട് പുളയുന്നതും അഗ്നിരക്ഷ സേനാ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മൂന്നു യൂണിറ്റ് അഗ്നിരക്ഷാ സേനയാണ് സ്ഥലത്തെത്തിയത്. ഒരു സംഘം നിലത്ത് സുരക്ഷാ സൗകര്യമൊരുക്കുകയും മറ്റു രണ്ടു സംഘങ്ങള്‍ എട്ടാം നിലയില്‍ നിന്നും പത്താം നിലയില്‍ നിന്നും കുടുങ്ങി കിടന്ന ആളിലേക്ക് എത്തുകയും ചെയ്തു. ഇരുമ്പ് ഗ്രില്‍ മുറിച്ചെടുത്താണ് ഇയാളെ രക്ഷിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച നിതിന്‍ ആദിയയുടെ നില ഗുരുതരമല്ല.