AI Generated Image
വിരമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അധ്യാപകന്‍ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് സംഭവം. 30കാരനായ സുഖ്ദേവ് സിങ് ആണ് കൊല്ലപ്പെട്ടത്. സിഐഎസ്എഫ് മുൻ ഉദ്യോഗസ്ഥനായ പുരൺ സിങ്ങിന്റ വീട്ടിലാണ് സംഭവം നടന്നത്. തന്റെ മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് സുഖ്ദേവിന്റെ പിതാവ് ആരോപിച്ചു.
നാരായണ്‍പൂര്‍ ഗ്രാമത്തിലെ മുന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരണ്‍സിങ്ങിന്റെ ഭാര്യയേയും വെടിയേറ്റ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖ്ദേവ് സിങ് ദേഷ്യപ്പെട്ട് ആക്രമിക്കുകയും പിന്നാലെ സ്വയം വെടിവച്ചു മരിക്കുകയുമായിരുന്നെന്നാണ് പുരണ്‍സിങ്ങിന്റെ വാദം. വെടിവയ്‌ക്കാൻ ഉപയോഗിച്ച റിവോൾവർ പിടിച്ചെടുത്തു.
ആദ്യം സാമ്പത്തികവിഷയത്തിലുള്ള തര്‍ക്കമെന്ന് കരുതിയ പൊലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് ചില സൂചനകള്‍ ലഭിച്ചത്. പുരണ്‍സിങ്ങിന്റെ മകളുമായി അധ്യാപകന് പ്രണയബന്ധമുണ്ടെന്ന സംശയത്താലാണ് കൊലയെന്നാണ് പിന്നീട് മനസിലാക്കിയത്.
സുഖ്‌ദേവ് സിങ്ങിന്റെ നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഭിത്തിയിൽ തറച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിഐഎസ്എഫ് മുൻ ഉദ്യോഗസ്ഥനായ പുരൺ സിങ്ങിന്റ വീട്ടിൽ സുഖ്‌ദേവ് പതിവായി എത്താറുണ്ടായിരുന്നുവെന്നും അവിടെ ഐഇഎൽടിസ് കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സുഖ്‌ദേവിന്റെ പിതാവിന്റെ പരാതിയില്‍ പുരൺ സിങ്ങിനും ഭാര്യ ഗുർമീത് കൗറിനുമെതിരെ കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്നും പൊലീസ് അറിയിച്ചു.