50000 രൂപ കൈക്കൂലി ചോദിച്ച് വാങ്ങിയ പഞ്ചായത്ത് ഓവർസിയറെ കുടുക്കി വിജിലൻസ്. ഇടുക്കി പാമ്പാടുംമ്പാറ പഞ്ചായത്തിലെ ഓവർസിയറും ഉടുമ്പൻഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള ഇടുക്കിസ്വദേശി എച്ച്. വിഷ്ണുവാണ് (36) പിടിയിലായത്.കെട്ടിടം ക്രമവത്കരിച്ച് നൽകി നികുതി സ്വീകരിക്കാനാണ് ഇത്രയധികം തുക കൈക്കൂലി ആവശ്യപ്പെട്ടത്.
ഉടുമ്പൻഞ്ചോല സ്വദേശി വാങ്ങിയ വസ്തുവിൽ നിലവിലുണ്ടായിരുന്ന കടമുറി വിപുലീകരിയ്ക്കുന്നതിന് പ്ലാൻ തയ്യാറാക്കി ഉടുമ്പൻഞ്ചോല പഞ്ചായത്തിൽ അപേക്ഷ നൽകി. കെട്ടിടത്തിന്റെ റോഡിൽ നിന്നുള്ള അകലത്തിൽ അവ്യക്തതയുള്ളതിനാൽ അപാകതകൾ പരിഹരിച്ച് അപേക്ഷ വീണ്ടും സമർപ്പിയ്ക്കാൻ പഞ്ചായത്തിൽ നിന്ന് അറിയിച്ചു. തുടർന്ന് കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കിയ എൻജിനിയർ അപാകത പരിഹരിച്ച ശേഷം പഞ്ചായത്തിലെ ഓവർസിയറായ വിഷ്ണുവിനെ നേരിൽ കണ്ടിരുന്നു.
കെട്ടിടത്തിന്റെ വിപൂലീകരണം പൂർത്തീകരിച്ച ശേഷം റെഗുലറൈസ് ചെയ്യാൻ അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും വിഷ്ണു പറഞ്ഞു. ഇതിനായി 50,000 രൂപ കൈക്കൂലി നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. കെട്ടിടം നിർമ്മിച്ച ശേഷം പരാതിക്കാരൻ ഓവർസിയറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പഞ്ചായത്തിലെ കാര്യങ്ങൾ ശരിയാക്കി നൽകുന്നതിന് 50,000 രൂപ നേരിട്ട് കൈമാറണമെന്നായി വിഷ്ണുവിന്റെ ആവശ്യം. പരാതിക്കാരൻ ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പിയെ വിളിച്ച് കാര്യം പറഞ്ഞു. ഇന്നലെ വിഷ്ണു പരാതിക്കാരനിൽ നിന്ന് 50,000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പൊക്കുകയായിരുന്നു.