TOPICS COVERED

അതിക്രൂരമായൊരു ദുരഭിമാനക്കൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്യജാതിക്കാരനുമായി പ്രണയത്തിലായ സഹോദരിയെ കൊലപ്പെടുത്താന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ട് സഹോദരന്‍. ഹരിയാനയിലെ മനേസറിലാണ് സംഭവം. കൊല്ലപ്പെട്ട 19കാരിയുടെ സഹോദരനേയും സുഹൃത്തിനേയും പൊലീസ് പിടികൂടി.

28കാരനായ സഹോദരനാണ് 19കാരിയായ സഹോദരിയെ കൊലപ്പെടുത്താനായി 30വയസുള്ള സുഹൃത്തിനെ ഏല്‍പ്പിച്ചത്. സുഹൃത്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്തും മുന്‍പ് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

അന്യജാതിക്കാരനായ സുഹൃത്തുമായി സഹോദരി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും അറിഞ്ഞതാണ് സഹോദരനെ പ്രകോപിതനാക്കിയത്. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശികളായ സഹോദരങ്ങള്‍ ആറ് വര്‍ഷത്തോളമായി മനേസറിലാണ് താമസം. സഹോദരിയുടെ പ്രണയവിവരമറിഞ്ഞ സഹോദരന്‍ പെണ്‍കുട്ടിയെ ആഗ്രയിലുള്ള വീട്ടിലേക്കയച്ചെങ്കിലും ആണ്‍സുഹൃത്തിനെ കാണാനായി വീണ്ടും പെണ്‍കുട്ടി മനേസറിലേക്ക് തിരിച്ചുവന്നു. 

ഇതിനു പിന്നാലെയാണ് സഹോദരന്‍ സുഹൃത്തിന്റെ സഹായത്തോടെ സഹോദരിയുടെ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി ഒരു ദിവസം സുഹൃത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തി, അവസ്ഥ അറിയാമെന്നും കാമുകനൊപ്പം ഒളിച്ചോടാനായി സഹായം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. 

സഹോദരന്റെ സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച പെണ്‍കുട്ടി ഇയാളുടെ ആവശ്യപ്രകാരം ഡിസംബര്‍ പത്തിന് രാത്രി രാംപുര ചൗക്കിനടുത്തുവച്ച് കണ്ടു സംസാരിക്കാമെന്ന് സമ്മതിച്ചു. സുഹൃത്ത് പെണ്‍കുട്ടിയെ സഹായിക്കുന്നതിനു പകരം  ഗ്വാളിയോറിലെ ആളൊഴിഞ്ഞ മേഖലയിലെത്തിച്ച് ബലാത്സംഗം ചെയ്തു. പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ബലമായി കീഴടക്കിയ ശേഷം അവളുടെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം സമീപപ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഉപേക്ഷിക്കുകയും ചെയ്തു. 

കൊലപാതകത്തിനു ശേഷം പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തും നാട്ടിലേക്ക് കടന്നുകളഞ്ഞു. പിന്നാലെയെത്തിയ പൊലീസ് ഇരുവരേയും പിടികൂടി. പിടികൂടപ്പെട്ട ശേഷം പൊലീസിന്റെ അന്വേഷണം വഴിമാറ്റാനായി കൊലയ്ക്കു പിന്നില്‍ ആണ്‍സുഹൃത്ത് ആണെന്ന് സഹോദരന്‍ ആരോപിച്ചു. 

എന്നാല്‍ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളെല്ലാം ഇരുവര്‍ക്കും എതിരായിരുന്നു. കൂടുതല്‍ ചോദ്യംചെയ്തതോടെ കൊലപാതകം നടത്തിയെന്ന് സഹോദരന്‍ സമ്മതിച്ചു. സുഹൃത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും പൊലീസിനു മൊഴി നല്‍കി. ഭാരതീയ ന്യായ് സംഹിത വകുപ്പുകള്‍ പ്രകാരം ഇരുവരുടേയും പേരില്‍ കൊലപാതകത്തിനു കേസെടുത്തു. 

ENGLISH SUMMARY:

Honor killing is a heinous crime that took place in Haryana. A brother orchestrated the murder of his sister for being in a relationship with someone from another caste.