മധ്യപ്രദേശിലെ ഗ്വാളിയോറിൽ മെറ്റല്‍ നിറച്ചെത്തിയ ട്രക്ക് ശരീരത്തിന് മുകളിലേക്ക് മറിഞ്ഞ് തൊണ്ണൂറ് വയസ്സുകാരന് ദാരുണാന്ത്യം. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ചെറുമകനായ സതീഷ് ശർമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ഗിർരാജ് ശർമ്മയാണ് കൊല്ലപ്പെട്ടത്. അപകടത്തിന്‍റെ സിസിടിവിയിൽ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വെള്ളിയാഴ്ച വീടിന് പുറത്ത് വെയില്‍ കായുകയായിരുന്നു ഗിർരാജ്. ഈ സമയമാണ് അടുത്തുള്ള ഒരു വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മെറ്റലുമായി ട്രക്ക് എത്തിയത്. വാഹനത്തിന്‍റെ ഒരു ടയർ റോഡിലെ കുഴിയിൽ വീണതിന് പിന്നാലെ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു എന്നാണ്. വാഹനം ചരിയുന്നത് കണ്ട് വയോധികന്‍ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും മാറാന്‍ കഴിയുന്നതിന് മുന്‍പ് മെറ്റല്‍ മുഴുവന്‍ ദേഹത്തേക്ക് മറയുകയായിരുന്നു. ഗിർരാജ് ശർമ്മ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിക്കുന്നത്. ബഹോദാപൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മറിഞ്ഞ വാഹനത്തിനടിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.