Image Credit:X
വനിതാ ഡോക്ടറുടെ മുഖപടം വലിച്ചുയര്‍ത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നിതീഷ്കുമാര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും മുഖം വെളിവാക്കുന്നത് വ്യക്തിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ഉത്തരവ് കൈപ്പറ്റാന്‍ പോകുമ്പോള്‍ മുഖം കാണിക്കേണ്ടേ? ഇത് ഇസ്ലാമിക രാജ്യമാണോ? നിതീഷ് കുമാര്‍ രക്ഷകര്‍ത്താവിനെ പോലെയാണ് പെരുമാറിയത്. നിങ്ങള്‍ പാസ്പോര്‍ട്ട് എടുക്കാന്‍ പോകുമ്പോഴും വിമാനത്താവളത്തില്‍ പോകുമ്പോഴും മുഖം കാണിക്കില്ലേ? പാക്കിസ്ഥാനെ കുറിച്ചും ഇംഗ്ലിഷ്സ്ഥാനെ കുറിച്ചുമാണോ പറയുന്നത്. ഇത് ഇന്ത്യയാണ്. ഇന്ത്യയിലെ നിയമങ്ങളാണ് ഇവിടെ നടക്കുന്നത്. നിതീഷ് കുമാര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ല' എന്നായിരുന്നു ഗിരിരാജ് സിങിന്‍റെ വാക്കുകള്‍. വനിതാഡോക്ടര്‍ അപമാനിതയായെന്നും ജോലി സ്വീകരിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെ ' അവള്‍ക്ക് വേണ്ടെങ്കില്‍ വേണ്ട, പോയി തുലയാന്‍ പറ' എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
അതേസമയം, വന്‍ വിമര്‍ശനമാണ് നിതീഷ് കുമാറിന്‍റെ പ്രവര്‍ത്തിക്കെതിരെയും ഗിരിരാജ് സിങിന്‍റെ വാക്കുകള്‍ക്കെതിരെയും ഉയരുന്നത്. ഫിനെയ്ല്‍ കൊണ്ടുമാത്രമേ ഇയാളുടെയൊക്കെ വൃത്തികെട്ട വായ ശുചിയാക്കാന്‍ പറ്റുകയുള്ളൂ. മുസ്ലിം സ്ത്രീകളുടെ നഖാബിലും ഹിജാബിലും തൊടാന്‍ ധൈര്യപ്പെടേണ്ട. അല്ലെങ്കില്‍ ഞങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്ക് നിങ്ങളെ പാഠം പഠിപ്പിക്കേണ്ടി വരും. അത് നിങ്ങള്‍ കാലങ്ങളോളം ഓര്‍ത്തിരിക്കുകയും െചയ്യും' എന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി നേതാവുമായ ഇല്‍തിജ മുഫ്തി സമൂഹമാധ്യമത്തില്‍ കുറിച്ചത്.
1200 ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിയമന ഉത്തരവ് കൈമാറിക്കൊണ്ട് വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് വിവാദത്തിന് കാരണമായ സംഭവം ഉണ്ടായത്. ഹിജാബ് ധരിച്ചെത്തിയ വനിതാ ഡോക്ടറോട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസാരിക്കുന്നതായി വിഡിയോയില്‍ കാണാം. പിന്നാലെ ഡോക്ടറുടെ മുഖപടം വലിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചു. ചുറ്റും നിന്നവര്‍ ചിരിച്ചുവെങ്കിലും ഉടന്‍ തന്നെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി ഇടപെട്ട് തടയുകയായിരുന്നു. പ്രതിഷേധം കനത്തതോടെ മുസ്ലിം മകളോടുള്ള വാത്സല്യം കാണിച്ചതാണ് മുഖ്യമന്ത്രിയെന്നും അതില്‍ തെറ്റില്ലെന്നും നിതീഷ് അനുകൂലികള്‍ വാദമുയര്‍ത്തി. 'അദ്ദേഹമൊരു പുരുഷനല്ലേ, ഹിജാബില്‍ തൊട്ടതിന് ഇത്ര ഒച്ചപ്പാടാണെങ്കില്‍ വേറെ എവിടെയെങ്കിലും തൊട്ടിരുന്നെങ്കില്‍ എന്തായേനെ' എന്നായിരുന്നു നിതീഷിനെ പിന്തുണച്ച് ഉത്തര്‍പ്രദേശ് മന്ത്രിയായ സഞ്ജയ് സിങ് പറഞ്ഞതും വിവാദമായി. പ്രാദേശിക വാര്‍ത്താ ചാനലിനോടായിരുന്നു സഞ്ജയുടെ പ്രതികരണം.
അതേസമയം, താന്‍ അപമാനിതയായെന്നും ജോലി സ്വീകരിക്കില്ലെന്നും യുവതി പറഞ്ഞതായി യുവതിയുടെ സഹോദരന്‍ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. നാളെയാണ് യുവതി ജോലിയില്‍ പ്രവേശിക്കാനിരുന്നത്. സഹോദരിയെ കുടുംബമൊന്നടങ്കം ആശ്വസിപ്പിക്കാന്‍ നോക്കിയെന്നും അവളുടെ ഭാഗത്ത് തെറ്റില്ലെന്നും പറഞ്ഞുവെന്നും അവള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും സഹോദരന്‍ വ്യക്തമാക്കി. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് തന്‍റെ സഹോദരി ഇപ്പോഴുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.