തലസീമിയ രോഗത്തിനുള്ള ചികിത്സക്കിടെ രക്തം സ്വകരിച്ച ആറ് കുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. പതിവു പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. സത്നയിലെ ജില്ലാ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് പറയുന്നതനുസരിച്ച് 11 വയസ്സിൽ താഴെയുള്ള അഞ്ച് ആൺകുട്ടികളും ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയും ഈ ആശുപത്രിയിൽ സ്ഥിരമായി രക്തം സ്വീകരിക്കുന്നവരാണ്. 2025 ജനുവരിക്കും മെയ് മാസത്തിനും ഇടയിലാണ് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതെങ്കിലും സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല, സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് അറിയിച്ചു. ആശുപത്രിതലത്തിലും അന്വേഷണം ആരംഭിച്ചതായി സത്ന കലക്ടര്‍ സതീഷ്കുമാര്‍ എസ് അറിയിച്ചു.
ജില്ലാ ആശുപത്രിയില്‍ നിന്നു മാത്രമല്ല ജബൽപൂരിലെ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമടക്കം പലയിടത്തുനിന്നും കുട്ടികൾ രക്തം സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിലെ ഉത്തരവാദികളെ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ഈ കുട്ടികള്‍ പലതവണയായി രക്തം സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ എച്ച്ഐവി ബാധയും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തില്‍പ്പെടും. അതേസമയം കുട്ടികളിൽ ഒരാളുടെ മാതാപിതാക്കൾ നേരത്തെ എച്ച്‌ഐവി പോസിറ്റീവ് ആയിരുന്നുവെന്നും ശുക്ല കൂട്ടിച്ചേർത്തു.
രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, രക്തം സ്വീകരിച്ചതിനു പുറമെ കുത്തിവയ്പ്പ് വഴിയോ മലിനമായ സിറിഞ്ച് വഴിയോ കുട്ടികൾക്ക് അണുബാധയുണ്ടാകാമെന്ന് സി.എം.എച്ച്.ഒ പറഞ്ഞു. ഈ കുട്ടികളില്‍ ഒരാള്‍ക്ക് 125 തവണ രക്തം നല്‍കിയിട്ടുണ്ട്. ഈ ദാതാക്കളെയെല്ലാം വിളിച്ചുവരുത്തി പരിശോധന നടത്തുകയെന്നത് പ്രായോഗികമല്ല.
സംഭവം രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുകയാണ് പ്രതിപക്ഷമായ കോൺഗ്രസ്. വകുപ്പ് കൈകാര്യം ചെയ്യാനറിയില്ലെങ്കില്‍ ബിജെപി സര്‍ക്കാര്‍ രാജിവച്ചുപോവണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.