ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള അഞ്ച് കോര്‍പ്പറേഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചതായി കെപിസിസി പ്രസിഡന്‍റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍ പറഞ്ഞു. സീറ്റിനായി അപേക്ഷിക്കുന്നവരില്‍ നിന്നും ഫീസ് ഈടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ജനറല്‍ സീറ്റില്‍ 50,000 രൂപയും വനിതാ പട്ടികജാതി സംവരണ സീറ്റുകളില്‍ 25,000 രൂപയുമാണ് പാര്‍ട്ടി നിശ്ചയിച്ച ഫീസ്. ഈ തുക പാര്‍ട്ടി ഫണ്ടിനായി ഉപയോഗിക്കുമെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി. സംവരണം ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും 369 വാർഡുകളിൽ നിന്ന് മത്സരിക്കാൻ താൽപ്പര്യമുള്ളവരെ മനസ്സിലാക്കാനാണ് അപേക്ഷകൾ ക്ഷണിക്കുന്നതെന്നാണ് വിശദീകരണം.
അഞ്ച് കോര്‍പ്പറേഷനുകളിലായി 369 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിലില്‍ അല്ലെങ്കില്‍ മെയ് മാസത്തിലാകും തിരഞ്ഞെടുപ്പ് നടക്കുക.