death-surat

TOPICS COVERED

‌ഹെല്‍മറ്റ് പോലും ധരിക്കാതെ അമിതവേഗത്തില്‍ ബൈക്കോടിച്ച യുവ വ്ലോഗര്‍ക്ക് ദാരുണാന്ത്യം. സൂറത്തിലെ ബ്രെഡ് ലൈനര്‍ പാലത്തില്‍വച്ചാണ് അപകടം സംഭവിച്ചത്. സോഷ്യല്‍മീഡിയയില്‍ ‘പികെആര്‍ ബ്ലോഗര്‍’ എന്നറിയപ്പെട്ട പ്രിന്‍സ് പട്ടേല്‍ ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തല വേര്‍പെട്ട നിലയിലാണ് ശരീരം കണ്ടെത്താനായത്. 

അപകടത്തിനു മുന്‍പ് 140കിമീ വേഗത്തില്‍ ബൈക്കോടിക്കുന്ന പ്രിന്‍സിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാലത്തിനു മുകളില്‍വച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡില്‍ വീഴുകയും വീണിടത്തു നിന്നും 100 മീറ്റര്‍ നിരങ്ങിനീങ്ങിയ ശേഷം ഡിവൈഡറില്‍ ഇടിച്ചു തകരുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ പ്രിന്‍സിന്റെ തല ദേഹത്തുനിന്നും വേര്‍പെട്ടു. 

സമീപത്തുള്ള സ്റ്റേഷനില്‍ നിന്നും പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയായിരുന്നു. ഗുണമേന്‍മയുള്ള ഒരു ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ഇത്രയും വലിയ ആഘാതം സംഭവിക്കില്ലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. യൂണിവേഴ്സിറ്റി റോഡിൽ നിന്ന് വരികയായിരുന്നു പ്രിൻസ്. പാല്‍വിറ്റ് ഉപജീവനം നടത്തുന്ന അമ്മയ്ക്ക് വലിയ ആഘാതമാണ് യുട്യൂബര്‍ പ്രിന്‍സിന്റെ മരണം. പത്താംക്ലാസ് വരെ പഠിച്ച പ്രിന്‍സ് അവരുടെ ഏകമകനായിരുന്നു. കെടിഎം ബൈക്കിനോട് വലിയ താല്‍പര്യമുള്ള പ്രിന്‍സ് തന്റെ വിഡിയോകളിലെല്ലാം ‘ലൈല’ എന്നു പേരിട്ടാണ് ബൈക്കിനെ വിശേഷിപ്പിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 

മരണത്തേയും സ്വര്‍ഗത്തേയും കുറിച്ചും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രിന്‍സ് ഒരു വിഡിയോ ചെയ്തിരുന്നു. തന്റെ മരണം മുന്‍കൂട്ടി കണ്ടുള്ള വിഡിയോ എന്നാണ് പരിചയക്കാരും ഫോളോവേഴ്സും പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

Bike accident news: A young vlogger died in a tragic bike accident in Surat. The accident occurred on the Breadliner bridge, highlighting the dangers of reckless driving.