Image Credit:X
പഹല്‍ഗാം ഭീകരന് അക്കൗണ്ടിലൂടെ പണം നല്‍കിയെന്നും കേസില്‍ പ്രതി ചേര്‍ക്കുകയാണെന്നുമുള്ള തട്ടിപ്പുസംഘത്തിന്‍റെ ഫോണ്‍ വിളിക്ക് പിന്നാലെ അഭിഭാഷകന്‍ ജീവനൊടുക്കി. ഭോപ്പാലിലെ ജഹാംഗിറാബാദ് സ്വദേശിയായ ശിവകുമാര്‍ വര്‍മയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
'ആരോ എന്‍റെ പേരില്‍ എച്ച്ഡിഎഫ്സിയില്‍ ഒരു വ്യാജ അക്കൗണ്ട് എടുക്കുകയും അതിലൂടെ പഹല്‍ഗാം ഭീകരനായ ആസിഫിന് പണം കൈമാറുകയും ചെയ്തു. ഒരു രാജ്യദ്രോഹിയായും ഒറ്റുകാരനായും ചിത്രീകരിക്കപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണ്' എന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്. ഭോപ്പാലില്‍ ദുരന്തമുണ്ടായപ്പോള്‍ നൂറുകണക്കിന് പേരുടെ അന്ത്യകര്‍മങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും അതിന് അന്നത്തെ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസ ലഭിച്ചിരുന്നുവെന്നും അങ്ങനെയൊക്കെ പൊതുസേവകനായി കഴിഞ്ഞ തനിക്ക് രാജ്യത്തെ ഒറ്റുകൊടുക്കാന്‍ കഴിയില്ലെന്നും വര്‍മ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
വര്‍മയുടെ കുടുംബാംഗങ്ങള്‍ സംഭവസമയത്ത് ഡല്‍ഹിയിലും പൂനെയിലുമായിരുന്നു. വര്‍മയെ വിളിച്ചിട്ട് ഫോണെടുക്കാത വന്നതോടെ ഭാര്യയ്ക്ക് ആശങ്കയായി. ഇതോടെ വാടകക്കാരനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അദ്ദേഹമെത്തി ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ വര്‍മയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വാതില്‍ പൊളിച്ച് അകത്ത് കയറി വര്‍മയെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തട്ടിപ്പുസംഘമാണ് വര്‍മയെ ഡിജിറ്റല്‍ അറസ്റ്റിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഭോപ്പാല്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഇത്തരത്തില്‍ ഭീഷണികള്‍ ഉണ്ടായാല്‍ ആശങ്കപ്പെടരുതെന്നും ഉടന്‍ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയാണ് വേണ്ടതെന്നും കമ്മിഷണര്‍ പറഞ്ഞു. സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ ഭോപ്പാലിലെ മുതിര്‍ന്ന അഭിഭാഷകരെ ലക്ഷ്യമിടുന്നത് ഇതാദ്യമായല്ല. നവംബര്‍ മൂന്നിന് കോഇ ഫിസയിലെ അഭിഭാഷകന് നേരെയും സമാന ഭീഷണിയുണ്ടായി. തലനാരിഴയ്ക്കാണ് സമ്പാദ്യം നഷ്ടമാകാതെ ഇദ്ദേഹം രക്ഷപെട്ടത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)