കാമുകനുമായി ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയിലൊളിപ്പിച്ച കേസിലെ പ്രതിയായ മുസ്‌കാന്‍ ജയിലിൽ വെച്ച് പ്രസവിച്ച കുഞ്ഞിന് 'രാധ' എന്ന് പേരിട്ടതായി റിപ്പോർട്ട്. ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി മുസ്കാന്റെ ഭർതൃവീട്ടുകാർ രംഗത്തെത്തി.
മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്നെത്തിയപ്പോഴാണ് മുസ്‌കാന്റെ ഭർത്താവ് സൗരഭ് കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം മൂർച്ചയേറിയ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തലയും കൈകളും വെട്ടിമാറ്റുകയും ശരീരഭാഗങ്ങൾ നീല വീപ്പയിലാക്കി കോൺക്രീറ്റ് ചെയ്‌തെന്നുമാണ് കേസ്. കേസില്‍ മുസ്കാനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും മുസ്കാൻ ഗർഭിണിയായിരിക്കെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
നവംബർ 24 ന് മീററ്റിലെ ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളജിലാണ് മുസ്കാന്‍ പ്രസവിച്ചത്. പെൺകുഞ്ഞിന് 'രാധ' എന്ന് പേരിട്ടതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. കുഞ്ഞിന്റെ പേര് മാറ്റാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് മുസ്കാന്റെ മാതാപിതാക്കൾ വ്യക്തമാക്കി. എന്നാൽ, കുഞ്ഞിന്റെ പിതാവ് മുസ്കാന്‍റെ കാമുകനായ സഹിൽ ശുക്ല ആണെന്നും സൗരഭുമായി മുസ്കാന് ബന്ധമില്ലെന്നും ആരോപിച്ച് സൗരഭിന്റെ സഹോദരൻ രാഹുൽ രംഗത്തെത്തി. ഡിഎൻഎ പരിശോധന ചെയ്യണമെന്നും കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, കുഞ്ഞിന്റെ ജനനത്തിനു ശേഷം മുസ്കാൻ ജയിൽ അധികൃതരുമായി സഹകരിക്കുന്നില്ലെന്നും കുഞ്ഞിനെ ശുചിത്വത്തോടെ പരിചരിക്കുന്നില്ലെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്കാനും സഹിൽ ശുക്ലയും തമ്മിലുള്ള ബന്ധം കാരണം സൗരഭിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. മീററ്റിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്ന ഈ കേസിൽ, കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.