AI Image
ആറുവയസുകാരന്റെ വലത്തേ ചെവി കടിച്ചുപറിച്ചെടുത്ത് പിറ്റ്ബുൾ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പ്രേംനഗറിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയെ അയൽപക്കത്തെ വീട്ടിൽ നിന്ന് ചാടിയെത്തിയ പിറ്റ്ബുൾ ആക്രമിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചെവി തുന്നിച്ചേർക്കാനായില്ല. നിലവിൽ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കൃതി നഗറിലെ ഫാക്ടറിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
സംഭവത്തിൽ അയൽവാസിയായ രാജേഷ് പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷിന്റെ മകൻ സച്ചിന്റേതാണ് നായ. വധശ്രമക്കേസിൽ പ്രതിയായതോടെ സച്ചിൻ പാൽ ജയിലിൽ കഴിയുകയാണ്. ഒന്നര വർഷം മുൻപാണ് സച്ചിൻ പിറ്റ്ബുളിനെ വീട്ടിലേക്ക് കൊണ്ടുവന്നത്.
മനുഷ്യജീവന് അപകടകാരിയെന്ന പട്ടികയിൽ ഉൾപ്പെടുത്തി വീട്ടിൽ വളർത്തുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയ ഇനത്തിൽപ്പെട്ടതാണ് പിറ്റ്ബുൾ. 2024 മാർച്ചിലാണ് വിദഗ്ധ സമിതി റിപ്പോർട്ടിനെ തുടർന്ന് പിറ്റ്ബുൾ, ടെറിയേഴ്സ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങിയ നായകളുടെ ഇറക്കുമതിയും വിൽപനയും സർക്കാർ നിരോധിച്ചത്. അപകടകാരികളായ നായകളുടെ ക്രോസ് ബ്രീഡുകളും വിലക്കിയിട്ടുണ്ട്.