കാമുകനുമായി ജീവിക്കുന്നതിനായി ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയിലൊളിപ്പിച്ച മീററ്റ് സ്വദേശിനിയായ മുസ്കാന് പെൺകുഞ്ഞ് ജനിച്ചു. മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്നെത്തിയപ്പോഴാണ് മുസ്കാന്‍റെ ഭർത്താവായ സൗരഭ് കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം മൂർച്ചയേറിയ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തലയും കൈകളും വെട്ടി മാറ്റി. ശരീരഭാഗങ്ങൾ നീല വീപ്പയിലാക്കി കോൺക്രീറ്റ് ചെയ്തെന്നാണ് കേസ്.

മീററ്റിലെ ജയിലിൽ കഴിഞ്ഞിരുന്ന മുസ്കാനെ പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 2.4 കിലോഗ്രാം ഭാരമുള്ള കുഞ്ഞും മുസ്കാനും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുസ്കാന്‍റെ കുടുംബാംഗങ്ങളെ മകൾ പ്രസവിച്ച വിവരം അറിയിച്ചിരുന്നുവെങ്കിലും ആരും സന്ദർശിക്കാൻ എത്തിയില്ല.

മാർച്ച് നാലിനായിരുന്നു ഭർത്താവിനെ ഇന്ദിരാനഗറിലെ വീട്ടിൽ വച്ച് മുസ്കാനും കാമുകൻ സഹിൽ ശുക്ലയും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം 15 കഷണങ്ങളാക്കി. വീപ്പയിലിട്ട് അതിനുള്ളിൽ മരം നടാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ദുർഗന്ധം ഭയന്ന് സിമൻ്റിട്ട് കോൺക്രീറ്റ് ചെയ്തു. ഭാരത്തെ തുടർന്ന് വീപ്പ ഉയർത്താൻ കഴിയാതെ വന്നതോടെ പുറത്ത് നിന്നും ആളുകളെ കൊണ്ടുവന്നു. ഇവർക്കും സാധിക്കാതെ വന്നതോടെ സൗരഭിനെ താൻ കൊലപ്പെടുത്തിയെന്നും കാമുകനൊപ്പം പോവുകയാണെന്നും മാതാപിതാക്കളോട് പറഞ്ഞശേഷം ഹിമാചലിലേക്ക് കടന്നു. വിവരം വീട്ടുകാർ പൊലീസിൽ അറിയിച്ചതോടെ മാർച്ച് 18ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മുസ്കാന്‍റെ മാതാപിതാക്കൾ മകൾക്കെതിരെ പൊലീസിൽ മൊഴി നൽകിയിരുന്നു. സാഹിലും മുസ്കാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൗരഭിന് അറിവുണ്ടായിരുന്നുവെങ്കിലും മകളെ ഓർത്ത് ബന്ധം ഉപേക്ഷിക്കുന്നതിൽ നിന്ന് പിൻമാറുകയായിരുന്നു. മകളെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനായി സൗരഭ് മകൾക്ക് പാസ്പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു.

ENGLISH SUMMARY:

Muskaan, a resident of Meerut accused of brutally murdering her husband Saurabh and concealing his dismembered body in a concrete-filled barrel to live with her lover, has given birth to a baby girl. Saurabh, who had come from London to celebrate his daughter's birthday, was killed by Muskaan and her lover, Sahil Shukla, after being sedated and stabbed. Muskaan, who was lodged in Meerut jail, was moved to a medical college hospital for delivery. The hospital confirmed that the baby, weighing 2.4 kg, and the mother are healthy. Muskaan's parents were informed but did not visit. The couple was arrested in March after they fled to Himachal Pradesh following the murder