പാളം മുറിച്ച് കടക്കുന്നതിനിടെ വന്ദേഭാരത് ട്രെയിന്‍ തട്ടി രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ ബെംഗളൂരുവില്‍ മരിച്ചു. പത്തനംതിട്ട സ്വദേശികളായ സ്റ്റെര്‍ലിന്‍ എല്‍സ ഷാജി (19) ജസ്റ്റിന്‍ ജോസഫ് (20) എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ചിക്കബന്നവരയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. തല്‍ക്ഷണം ഇരുവരും കൊല്ലപ്പെട്ടുവെന്നും ശരീരം ട്രാക്കില്‍ ചിതറിത്തെറിച്ച നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.
കോളജിനടുത്ത് തന്നെ പേയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു സ്റ്റെര്‍ലിനും ജസ്റ്റിനും. ഉച്ചഭക്ഷണത്തിന് ശേഷം മടങ്ങിപ്പോരുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയതെന്നാണ് പ്രാഥമിക നിഗമനം. പാളം കടക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട ഇരുവരും ഓടി മാറാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിന് ബെംഗളൂരു റൂറല്‍ പൊലീസും യശ്വന്ത്പുര്‍ റെയില്‍വേ പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥികളുടെ സമീപകാല പ്രവര്‍ത്തനങ്ങളടക്കം പരിശോധിച്ച ശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്തിച്ചേരാന്‍ കഴിയുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സപ്തഗിരി കോളജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. തിരുവല്ല സ്വദേശിയാണ് മരിച്ച ജസ്റ്റിന്‍. റാന്നി സ്വദേശിനിയാണ് സ്റ്റെര്‍ലിന്‍. മൃതദേഹങ്ങള്‍ എംഎസ് രാമയ്യ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.