മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നല്‍കി കനേഡിയന്‍ യുവതി. ബെംഗളൂരുവിലെ വിധാന്‍ സൗധ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റാഡിസന്‍ ഹോട്ടലിലുള്ള സ്പായ്ക്കെതിരെയാണ് യുവതിയുടെ പരാതി. തെറാപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി ബെംഗളൂരു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

മസാജ് ചെയ്യുന്നതിനിടെയാണ് തെറാപ്പിസ്റ്റ് പരിധികള്‍ ലംഘിച്ച് മോശമായി പെരുമാറിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. താന്‍ അര്‍ദ്ധനഗ്നയായി കിടക്കുമ്പോള്‍ തെറാപ്പിസ്റ്റ് വാതില്‍ തുറന്നുവെന്നും യുവതി ആരോപിക്കുന്നു. ഇത് തനിക്ക് അപമാനകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. ഉടന്‍ തന്നെ താന്‍ ഇത് മാനേജ്മെന്‍റിനെ അറിയിച്ചു. എന്നാല്‍ അവര്‍ പരാതി ഗൗരവകരമായി എടുത്തില്ല. പകരം താന്‍ അടച്ച 10,000 രൂപയില്‍ 7,000 രൂപ തിരികെ നല്‍കി. നടപടയുമായി മുന്നോട്ട് പോകരുതെന്ന് അവര്‍ പറ‍ഞ്ഞതായും യുവതി ആരോപിച്ചു. 

പിന്നാലെയാണ് തെറിപ്പിസ്റ്റിനെതിരെയും മറ്റ് ഉത്തരവാദപ്പെട്ടവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.  

ENGLISH SUMMARY:

A Canadian woman has filed a complaint against a spa therapist at a Radisson hotel in Bengaluru, alleging misconduct during a massage session. The incident has led to a police complaint, highlighting concerns about spa safety and customer service responsiveness.