ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ പരസ്യമായി അടിച്ച് യുവാവ്. മധ്യപ്രദേശിലെ ചിത്രകൂടിലാണ് സംഭവം. പൊതുസ്ഥലത്ത് യുവതിയെയും യുവാവിനെയും മര്‍ദിക്കുന്നത് കണ്ട് ചുറ്റും ആളുകള്‍ കൂടുന്നതും കാര്യം അന്വേഷിക്കുന്നതും വിഡിയോയില്‍ കാണാം. ഭാര്യയെ നിരന്തരം നിരീക്ഷിച്ചുവന്ന ഭർത്താവ്, ഒടുവിൽ കാമുകനോടൊപ്പം അവരെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കാമുകനെ വളഞ്ഞിട്ട് ആക്രമിച്ചു. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സംഭവസമയത്ത് ഭർത്താവിനൊപ്പം ചില കൂട്ടുകാരും ഉണ്ടായിരുന്നു. കാമുകൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ പിന്തുടർന്ന് പിടികൂടി മർദ്ദനം തുടർന്നു. മർദ്ദനമേറ്റ് നിലത്ത് കിടക്കുന്ന കാമുകനെ ആളുകൾ നോക്കിനിൽക്കെ വീണ്ടും വീണ്ടും ആക്രമിച്ചു. ഇതിനിടയിൽ ഭർത്താവ് ഭാര്യയെ ബലമായി അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഭാര്യയെ കൂട്ടിക്കൊണ്ടുപോയതിന് ശേഷവും ഭർത്താവിന്‍റെ കൂട്ടുകാർ കാമുകനെ മർദ്ദിക്കുന്നത് തുടർന്നതായി ദൃശ്യങ്ങളിലുണ്ട്.
വിഡിയോ വൈറലായതോടെ സംഭവം വലിയ ചർച്ചയായി. നിയമം കയ്യിലെടുത്ത് ഒരാളെ പരസ്യമായി ആക്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ, ഭാര്യയെ വശീകരിച്ചുകൊണ്ടുപോയതിന് കാമുകൻ ശിക്ഷ അർഹിക്കുന്നുണ്ടെന്ന് മറ്റു ചിലർ വാദിച്ചു.സംഭവത്തിൽ പോലീസ് ഇടപെടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.