TOPICS COVERED

അനുജനെ കാറിനുള്ളില്‍വച്ച് കൊല ചെയ്ത ജ്യേഷ്ഠനും സുഹൃത്തുക്കളും അറസ്റ്റില്‍. കൊലചെയ്ത ശേഷം മൃതദേഹം തടാകത്തില്‍ തളളിയതായി പൊലീസ് അറിയിച്ചു. ബെംഗളൂരു കല്‍ബുര്‍ഗിയിലാണ് സംഭവം. അനുജന്റെ ക്രിമിനല്‍ സ്വഭാവം കാരണം സഹികെട്ടാണ് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. 24കാരനായ ധനരാജ് ആണ് കൊല്ലപ്പെട്ടത്. 

മാതാപിതാക്കളെ ഉള്‍പ്പെടെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ധനരാജിന്റെ ക്രിമിനല്‍ സ്വഭാവം സഹിക്കാനാവാതെയാണ് സഹോദരന്‍ ശിവരാജ് (28) രണ്ടുപേരുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ടാക്സി ഡ്രൈവറായ ശിവരാജ്,  സന്ദീപ്, പ്രശാന്ത് എന്നീ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് കൊലയ്ക്കുള്ള ആസൂത്രണം നടത്തിയത്. 

മാതാപിതാക്കളോടൊപ്പം കല്‍ബുറഗിയിലെ വീട്ടിലാണ് ധനരാജ് താമസിച്ചിരുന്നത്. ഇയാൾ നിരവധി മോഷണങ്ങൾ, മദ്യപാനം, അടിപിടി, എന്നീ കേസുകളില്‍ സ്ഥിരം പ്രതിയായിരുന്നുവെന്ന് ശിവരാജ് പൊലീസിനോട് പറഞ്ഞു. ധനരാജ് മാതാപിതാക്കളെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. അയല്‍ക്കാരുടെ മൊബൈല്‍ ഫോണുകളും വളര്‍ത്തുമൃഗങ്ങളേയും ഉള്‍പ്പെടെ മോഷ്ടിച്ച സംഭവങ്ങളും ഇയാളുടെ പേരിലുണ്ട്.

നവംബർ രണ്ടിന്, ഒരു ജോലി കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞാണ് ശിവരാജ് ധനരാജിനെ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയത്. ബംഗളൂരുവിലെ ബന്നാർഘട്ട-നൈസ് റോഡിൽവച്ച് കണ്ട ഇവര്‍ ധനരാജിനെ കാറില്‍ക്കയറ്റി. മുൻവശത്തെ യാത്രക്കാരന്റെ സീറ്റിലിരുന്ന ധനരാജ് മൊബൈല്‍ നോക്കുന്നതിനിടെ സന്ദീപും പ്രശാന്തും പിന്നിൽ നിന്ന് പിടികൂടി. ഈ സമയം ശിവരാജ് വാക്കത്തികൊണ്ട് കഴുത്തിൽ വെട്ടി കാറിനുള്ളില്‍വെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ബന്നാർഘട്ട–കഗലിപുര റോഡരികിൽ മൃതദേഹം ഉപേക്ഷിച്ച ശേഷം, കാറിന്റെ ഫ്ലോർ മാറ്റും വാക്കത്തിയും ഇലക്ട്രോണിക് സിറ്റി-നൈസ് റോഡിനടുത്ത് ഉപേക്ഷിക്കുകയും ചെയ്തു. നവംബർ ആറിനാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തുള്ള സ്വകാര്യ കമ്പനിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ കാർ നിർത്തി മൃതദേഹം ഉപേക്ഷിക്കുന്നത് കണ്ടതാണ് കേസില്‍ നിര്‍ണായകമായത്. വാഹനത്തിന്റെ നമ്പർ കണ്ടെത്തി ബന്നാർഘട്ട പോലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

ENGLISH SUMMARY:

Brother killed by brother in a tragic incident in Kalaburagi, Karnataka. The elder brother and his friends were arrested for allegedly killing his younger brother due to his criminal behavior and disposing of the body in a lake.