24 ആഴ്ച മാത്രം വളര്‍ച്ചയെത്തിയപ്പോള്‍ പ്രസവിച്ച കുഞ്ഞ്. പ്രസവസമയത്ത് 640 ഗ്രാം മാത്രം ഭാരം. ആ കുഞ്ഞിനെ 90 ദിവസം നീണ്ട തീവ്രപരിചരണത്തിനൊടുവില്‍ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തു. ന്യൂഡല്‍ഹിയിലെ വസന്ത് കുഞ്ച് ഫോര്‍ട്ടിസ് ആശുപത്രിയിലാണ് കുഞ്ഞ് ആരോഗ്യത്തോടെ വളരുന്നത്.
ഗര്‍ഭാവസ്ഥയില്‍ പൂര്‍ണവളര്‍ച്ച എത്താന്‍ 40 ആഴ്ച വേണം. എന്നാല്‍ 16 ആഴ്ച മുന്‍പാണ് ഈ കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ചയുടന്‍ കുഞ്ഞിന് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ഭാരം തീരെ കുറവ്. കരച്ചില്‍ ഇല്ല. ഹൃദയമിടിപ്പ് അപകടകരമായ വിധത്തില്‍ കുറവ്. 90 ദിവസം നിയോനാറ്റൽ ഐസിയുവില്‍ തീവ്രപരിചരണം.
അപകടകരമായ പല സാഹചര്യങ്ങളെയും അതിജീവിച്ചാണ് കുട്ടി ജീവിതത്തിലേക്ക് തിരികെ എത്തിയത്. ശ്വാസകോശത്തിന്റെയും വൃക്കകളുടെയും പ്രവർത്തനക്കുറവും തലച്ചോറില്‍ രക്തസ്രാവത്തിനുള്ള സാധ്യതയും അണുബാധയും അടക്കം നിരവധി സങ്കീര്‍ണതകള്‍ ഉണ്ടായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യ ആഴ്ചകളില്‍ ആരോഗ്യനില അതീവ ഗുരുതരമാകുകയും ശരീരഭാരം 550 ഗ്രാമിലേക്ക് ചുരുങ്ങുകയും ചെയ്തു.
വളര്‍ച്ചയെത്താത്ത ശ്വാസകോശങ്ങളായതിനാല്‍ കുഞ്ഞിന് സ്വന്തമായി ശ്വാസമെടുക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ വെന്‍റിലേറ്റര്‍ സഹായം നല്‍കി. വൃക്കകളും സമാന പ്രശ്നം നേരിട്ടു. ജീവന്‍ രക്ഷാ മരുന്നുകളും ചികില്‍സയും ഡോക്ടര്‍മാരുടെ നിരീക്ഷണവുമെല്ലാമായപ്പോള്‍ കുഞ്ഞിന്‍റെ ആരോഗ്യം മെച്ചപ്പെട്ടു.
90 ദിവസത്തെ എന്‍ഐസിയു ജീവിതത്തിന് ശേഷം 1.80 കിലോഗ്രാം ഭാരത്തോടെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്. ആറുമാസം പ്രായമായ കുഞ്ഞിന് ഇപ്പോള്‍ ആറു കിലോഗ്രാം ഭാരമുണ്ട്. ഇത്ര നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നിരിക്കെ ഈ തിരിച്ചുവരവ് അത്ഭുതകരമെന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചത്. ഡോ. രാഹുൽ നാഗ്പാലിന്റെയും ഡോ. ശ്രദ്ധ ജോഷിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുഞ്ഞിനെ പരിചരിച്ചത്.